Connect with us

International

പാക്കിസ്ഥാനില്‍ ബോംബാക്രമണം: 18 സൈനികര്‍ മരിച്ചു

Published

|

Last Updated

പെഷാവര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ താലിബാന്‍ നടത്തിയ ബോംബാക്രമണത്തില്‍ പതിനെട്ട് സൈനികര്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിനാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബാനു ജില്ലയിലാണ് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഇത്തരം ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് താലിബാന്‍ അറിയിച്ചു. ഖൈബര്‍ പക്തൂന്‍ക്വ പ്രവിശ്യയിലെ ബാനുവില്‍ നിന്ന് വടക്കന്‍ വസീറിസ്ഥാനിലെ റസ്മാക്കിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.

ഒരു സൈനിക വാഹനത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വാടകക്കെടുത്ത വാഹനത്തിലാണ് സൈനികര്‍ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. താലിബാനെതിരെ പ്രചാരണം നടത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്ച കറാച്ചിയില്‍ നടന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Latest