Connect with us

Kannur

സക്കരിയ്യ സ്വലാഹി പുതിയ ഗ്രൂപ്പുണ്ടാക്കുന്നു: മുജാഹിദ് 'ജിന്ന് വിഭാഗത്തിലും' പൊട്ടിത്തെറി

Published

|

Last Updated

കണ്ണൂര്‍: ജാഹിദ് ജിന്ന് വിഭാഗവും പിളര്‍പ്പിലേക്ക്. ജിന്ന് വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനായ കെ കെ സക്കരിയ്യ സ്വലാഹിയുടെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ് പിറക്കുന്നത്. സലഫി മന്‍ഹജുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജിന്ന് വിഭാഗത്തില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുന്നത്. പുതിയ തര്‍ക്കവുമായി ബന്ധപ്പെട്ട് സ്വലാഹി വിഭാഗം പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കണ്ണൂരില്‍ ഈ മാസം 23ന് ചേംബര്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ സ്വലാഹി പങ്കെടുക്കുന്നുണ്ട്.

സലഫി ദഅ്‌വത്തും പുതിയ വിവാദങ്ങളും എന്ന വിഷയത്തെക്കുറിച്ചാണ് ദഅ്‌വാ സമിതിയുടെ നേതൃത്വത്തില്‍ സക്കരിയ്യ സ്വലാഹി പ്രഭാഷണം നടത്തുന്നത്. മറു വിഭാഗം ഇന്ന് കണ്ണൂരിലെ കമ്പിലില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയിയില്‍ സ്വലാഹിയെ ക്ഷണിച്ചിരുന്നില്ല. മുജാഹിദ് ബാലുശ്ശേരി, ഫൈസല്‍ മൗലവി എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.
സ്വലാഹിക്കൊപ്പം 23ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന പുതിയ ഗ്രൂപ്പ് പരിപാടിയില്‍ നിയാസ് ഇബ്‌നു ഖാലിദാണ് മറ്റൊരു പ്രഭാഷകന്‍. വലിയ വിഭാഗം പ്രവര്‍ത്തകര്‍ പരിപാടിക്ക് എത്തിച്ചേരുമെന്നാണ് ഈ വിഭാഗം അവകാശപ്പെടുന്നത്.
എല്ലാ ജില്ലകളിലും വിശദീകരണയോഗങ്ങള്‍ സംഘടിപ്പിച്ച് ആളെ കൂട്ടാനാണ് സ്വലാഹി വിഭാഗത്തിന്റെ ശ്രമം. നിലവിലുള്ള ജിന്ന് വിഭാഗത്തിന്റെ സംഘടനാ സംവിധാനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വലാഹി ജിന്ന് വിഭാഗം നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. സലഫി മന്‍ഹജുമായി ബന്ധപ്പെട്ട് ജിന്ന് വിഭാഗം മുന്‍ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചുവെന്നാണ് സ്വലാഹി വിഭാഗത്തിന്റെ ആരോപണം.
സലഫി മന്‍ഹജിന് വിരുദ്ധമായി ജിന്ന് വിഭാഗത്തിന് സ്വന്തമായി യുവജന വിദ്യാര്‍ഥി വിഭാഗങ്ങള്‍ ഉണ്ട്. ഇത് ഏറെക്കാലമായി സംഘടനക്കകത്ത് ആശയ അധികാര തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. മുജാഹിദ് എ പി അബ്ദുല്‍ഖാദിര്‍ മൗലവി വിഭാഗത്തില്‍ ജിന്ന് വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഈ വിഭാഗത്തിലെ പ്രഭാഷകരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ ഗ്രുപ്പുണ്ടാക്കിയത്. ഈ വിഭാഗവും പിളര്‍ന്ന് പുതിയ ഗ്രൂപ്പ് രൂപം കൊള്ളുന്നതോടെ കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തന രംഗത്തുള്ള മുജാഹിദ് ഗ്രൂപ്പുകളുടെ എണ്ണം നാലാകും.
സ്വലാഹി ഉയര്‍ത്തിയ പുതിയ വിവാദങ്ങള്‍ ജിന്ന് വിഭാഗത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ ചേരിതിരിവുണ്ടാക്കും. ഇരു വിഭാഗവും വിശദീകരണ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.
കേരളത്തിലെ സലഫി ആശയക്കാര്‍ കടുത്ത ആശയ ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുതിയ വിവാദം. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള ശക്തമായ വടം വലിയാണ് മുജാഹിദ് വിഭാഗത്തില്‍ നടക്കുന്നത്.

 

---- facebook comment plugin here -----

Latest