Connect with us

Wayanad

വയനാട്ടില്‍ വ്യവസായ സംരഭകരെ പ്രോത്സാഹിപ്പിക്കുന്ന യൂനിറ്റ് സ്ഥാപിക്കും: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കല്‍പ്പറ്റ: വ്യവസായ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട്ടില്‍ യൂനിറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലി ക്കുട്ടി. വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ 14 ജില്ലകളിലും യൂനിറ്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വയനാട്ടില്‍ ഇതിനായുള്ള സ്ഥലമെടുപ്പും മറ്റും പൂര്‍ത്തിയായി വരുന്നു. കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെ ചെറിയ മാതൃകയിലായിരിക്കും യൂനിറ്റ് സ്ഥാപിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ മാത്രമെ ഇനി നടപ്പിലാക്കുകയുള്ളു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള വ്യവസായങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും.
ഐ ടി, കാര്‍ഷിക, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, ഭക്ഷ്യസംസ്‌ക്കരണം എന്നിങ്ങനെയുള്ള വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ സംരഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കും.
വിദ്യാര്‍ത്ഥികളുടെ വ്യാവസായിക ആശയങ്ങളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ സാമ്പത്തികസഗായങ്ങളും പരിശീലനവും നല്‍കുന്നതിനായി കോളജുകള്‍ തോറും ഭൂക്ലബ്ബ് ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കാനാണ് പദ്ധതിയിടുന്നത്. വിവിധ ഉപകരണങ്ങളുടെ കണ്ടുപിടുത്തം, സോഫ്റ്റ്‌വെയല്‍ ഡെവലപ്പിംഗ്, ഉല്പന്നനിര്‍മ്മാണം എന്നിങ്ങനെയുള്ള വിദ്യാര്‍ഥികളുടെ അഭിരുചികളെ പരിപോഷിപ്പിച്ച് വ്യവസായമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. വിദ്യാര്‍ത്ഥികളുടെ വ്യവസായിക ആശയങ്ങള്‍ ഗുണം ചെയ്യുന്നതാണെന്ന് കണ്ടെത്തിയാല്‍ അത് നടപ്പിലാക്കുന്നതിനായി അവര്‍ക്ക് അടിസ്ഥാനസൗകര്യവും സാമ്പത്തികസഹായവും സര്‍ക്കാര്‍ നല്‍കും. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്തവരാണെങ്കിലും വ്യാവസായിക ആശയങ്ങള്‍ മികച്ചതാണെങ്കില്‍ അവരെയും പരിഗണിക്കുന്നതായിരിക്കും. ഇന്നത്തെ കാലഘട്ടത്തില്‍ ലോകത്തില്‍ ഭക്ഷണ ഉല്പന്നങ്ങള്‍ക്കും ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍ക്കും പ്രധാന്യം ഏറി വരികയാണ്. ഇത്തരത്തിലുള്ള സംരഭങ്ങള്‍ ഭാവിയില്‍ കേരളത്തിലുടനീളം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest