വ്യാപാരികളെ ആക്രമിച്ച് കവര്‍ച്ച: ഒരാള്‍ കൂടി പിടിയില്‍

Posted on: January 19, 2014 1:05 pm | Last updated: January 19, 2014 at 1:05 pm

സുല്‍ത്താന്‍ ബത്തേരി: ടൗണിലെ വ്യാപാരികളെ അക്രമിച്ച് പണം കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കുപ്പാടി സെന്റ് മേരീസ് കോളജിന് സമീപം താമസിക്കുന്ന ചക്കുംകുഴിയില്‍ സംഗീത്(23) ആണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ സംഗീതിനെ സംബന്ധിച്ച് വിവരം ലഭിച്ചത്. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കലക്ഷനെടുത്ത് പണവുമായി മൈസൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക വ്യാപാരി ഹരീന്ദ്രനെ ബത്തേരി കെ എസ് ആര്‍ ടി സി ഗ്യാരേജിന് സമീപം വെച്ച് അടിച്ചു വീഴ്ത്തി പണമടങ്ങിയ ബാഗ് കവര്‍ന്ന കേസിലും ചുങ്കത്തുള്ള വ്യാപാരി എം ടി പത്മനാഭന്‍ കട പൂട്ടി പണവുമായി പോകുമ്പോള്‍ രാത്രിയില്‍ മുളക് പൊടി എറിഞ്ഞ് കവര്‍ച്ചാ ശ്രമം നടത്തിയ കേസിലും സംഗീത് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മൈസൂര്‍ സ്വദേശിയായ വ്യാപാരിയില്‍ ഒരു ലക്ഷം രൂപയാണ് സംഘം കവര്‍ന്നത്. പണം സൂക്ഷിച്ച ബാഗ് പ്രതികളുടെ മൊഴി പ്രകാരം കടമാന്‍ ചിറയിലെ ഒരു ഓവുചാലിനടിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ബത്തേരി ടൗണില്‍ വ്യാപാരം നടത്തുന്ന രണ്ട് സ്വര്‍ണ വ്യാപാരികള്‍, തുണി വ്യാപാരികള്‍ എന്നിവരെ കൊള്ളയടിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. മൈസൂര്‍ സ്വദേശിയായ വ്യാപാരിയെ കൊള്ളയടിക്കാനുള്ള രണ്ട് തവണ ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കുപ്പാടി കടമാന്‍ ചിറയിലെ ശ്രീജിത്(25), മൂലങ്കാവിലെ അബൂത്വാഹിര്‍(25), സനീഷ്(26), അമ്പുകുത്തി വെള്ളച്ചാട്ടം പ്രജിത് എന്ന കണ്ണന്‍(25), കല്ലുവയലിലെ ലിഖിന്‍(24) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ശ്രീജിത്, അബൂത്വാഹിര്‍, പ്രജിത് എന്ന കണ്ണന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബത്തേരിയിലേയും പരിസരത്തേയും പ്രതികളെല്ലാം പിടിയിലായതായി കേസ് അന്വേഷിക്കുന്ന സി ഐ, ജസ്റ്റിന്‍ അബ്രഹാം പറഞ്ഞു. തൃശൂര്‍ സ്വദേശികളായ അഞ്ചു ക്വട്ടേഷന്‍ സംഘത്തെ പിടികൂടാനുണ്ട്. മറ്റു പ്രതികള്‍ പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടതാണിവര്‍. ബത്തേരി അമ്മായി പാലത്ത് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ക്വട്ടേഷന്‍ സംഘം. ബൈക്കിലെത്തി വ്യാപാരികളെ കൊള്ളയടിക്കുന്ന പ്രതികളുടെ പക്കല്‍ നിന്ന് ഒരു സ്‌കോര്‍പിയോ കാര്‍, നാല് ബൈക്കുകള്‍, ഒരു സ്‌കൂട്ടര്‍ എന്നിവയും പോലീസ് പിടികൂടിയിരുന്നു.