ഇസ്മാഈല്‍ വധശ്രമക്കേസ്: അന്വേഷണം വഴിത്തിരിവില്‍

Posted on: January 19, 2014 11:12 am | Last updated: January 19, 2014 at 11:12 am

മഞ്ചേരി: മുതുവല്ലൂര്‍ ഇസ്മാഈല്‍ വധശ്രകമക്കേസ് അന്വേഷണം വഴിത്തിരിവില്‍. അന്വേഷം സംഘം തമിഴ്‌നാട്ടിലെത്തി പലരെയും ചോദ്യം ചെയ്തു. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാണ് കേസന്വേഷണം നടത്തുന്ന മഞ്ചേരി സി ഐ. വി എ കൃഷ്ണദാസ്, എസ് ഐ ഗംഗാധരന്‍ എന്നിവരും സംഘവും തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ എത്തിയത്. ഇക്കഴിഞ്ഞ 14ന് രാത്രിയാണ് അജ്ഞാത സംഘം ചീക്കോട് മുതുവല്ലൂര്‍ വിളയില്‍ മാങ്കാവ് പള്ളിയാളില്‍ ഇസ്മാഈലിനെ(42) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴുത്തിന് സാരമായി മുറിവേറ്റ് ഇസ്മാഈല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വസന നാളത്തിന് മുറിവേറ്റതിനാല്‍ ഇസ്മാഈലിന് സംസാര ശേഷി നഷ്ടപ്പെട്ടിട്ടുണ്ടെന്നും സുഖം പ്രാപിച്ചാല്‍ മാത്രമേ സംഭവത്തിന്റെ ചുരുളഴിയൂവെന്നും സി ഐ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വസ്തു വാങ്ങാനായി ഇസ്മാഈലിനെ വിശ്വസിച്ചേല്‍പ്പിച്ച 10 ലക്ഷം രൂപ ഇസ്മാഈല്‍ എന്ത് ചെയ്തു എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അവശനിലയില്‍ കഴിയുന്ന ഇസ്മാഈല്‍ അപകട നില തരണം ചെയ്താല്‍ മാത്രമേ കേസിന്റെ കുരക്കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. സംഭവ ദിവസം രാത്രി വീട്ടുകാര്‍ സമീപത്തെ മദ്‌റസയില്‍ നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന് പോയ സമയത്താണ് അജ്ഞാതാരായ രണ്ടുപേര്‍ വെള്ളം ചോദിച്ച് രാത്രി ഒമ്പതിന് ഇസ്മാഈലിന്റെ വീട്ടിലെത്തിയത്.
വെള്ളമെടുക്കാന്‍ അകത്തുപോയ ഇസ്മാഈലിനെ പിറകിലൂടെ എത്തി അക്രമികള്‍ മര്‍ദിച്ചു കീഴടക്കുകയും വായ് സെല്ലോടോപ്പ് ഉപയോഗിച്ച് ചുറ്റിക്കെടുക്കുകയും കഴുത്തിന് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു. ശ്വസന നാളത്തിനും മറ്റും പരുക്കേറ്റതിനാല്‍ ഇസ്മാഈലിന്റെ സംസാര ശേഷി നഷ്ടപ്പെടുകയായിരുന്നു. മങ്ക് ക്യാപ് ധരിച്ച രണ്ടുപേരായിരുന്നു അക്രമികള്‍. മുളകുപൊടി മുഖത്തേക്കെറിഞ്ഞ ശേഷമായിരുന്നു അക്രമം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസിന്റെ അന്വേഷണം.
11 വര്‍ഷം ഗള്‍ഫിലായിരുന്നു ഇസ്മാഈല്‍. നിതാഖത്തിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. വയനാട്ടില്‍ ചായത്തോട്ടത്തില്‍ ജോലിക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോയ ഇസ്മാഈല്‍ ഗൂഡല്ലൂര്‍ ഒന്നാം വളവില്‍ സിദ്ധ ചികിത്സ നടത്തി വരികയായിരുന്നു. ജനത്തിന്റെ വിശ്വാസ പിടിച്ചു പറ്റിയതിനാല്‍ പരിചയക്കാര്‍ ഇസ്മാഈലിന് സ്ഥലം വാങ്ങാനായി 10 ലക്ഷം രൂപ ഏല്‍പ്പിച്ചിരുന്നു. അരീക്കോട് പോലീസ് വധശ്രമത്തിന് കേസെടുത്തു.