ലബ്ബാകമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കും: മന്ത്രി അബ്ദുര്‍റബ്ബ്‌

Posted on: January 19, 2014 11:10 am | Last updated: January 19, 2014 at 11:10 am

മഞ്ചേരി: ഹയര്‍സെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും ഇതിനായി നിയോഗിച്ച ലബ്ബാകമ്മറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. കേരള ഹയര്‍ സെക്കന്ററി ടീച്ചേഴ്‌സ് യൂണിയന്‍ 13 ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനം മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിക ബാച്ചുകളിലെ അദ്ധ്യാപക തസ്തികാ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഫയലുകള്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. അദ്ധ്യാപകര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടാന്‍ ഇടവരില്ലെന്നും മന്ത്രി ഉറപ്പു നല്‍കി. മഞ്ചേരി അര്‍ബ്ബണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ എ അബുബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, പി ഉബൈദുള്ള എം എല്‍ എ, ഒ ഷൗക്കത്തലി, കെ പി ജല്‍സീമിയ, കല്‍പ്പറ്റ നാരായണന്‍, കെ വി മുഹമ്മദ് സലീം, പി എ ജലീല്‍, പി പി ഷമീല പ്രസംഗിച്ചു.
താല്‍ക്കാലിക വികാരങ്ങള്‍ക്കടിമപ്പെടാതെ മൂല്യാധിഷ്ഠിത ജീവിതം കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യാപകരോട് ആഹ്വാനം ചെയ്തു. സമാപന സമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. പി എ സാജുദ്ദീന്‍, കെ മുഹമ്മദ് ഇസ്മായില്‍, ടി വി ഇബ്രാഹിം, പി പി സാജിദ പ്രസംഗിച്ചു.