Connect with us

Malappuram

'ജനങ്ങള്‍ക്ക് വേണ്ടാത്ത കമ്പനിവത്കരണം നടപ്പാക്കരുത്'

Published

|

Last Updated

മഞ്ചേരി: ജനങ്ങള്‍ തിരസ്‌ക്കരിച്ച വൈദ്യുതി ബോര്‍ഡ് കമ്പനി വല്‍ക്കരണവും സ്വകാര്യ വല്‍ക്കരണവും നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ. മഞ്ചേരിയില്‍ ആരംഭിച്ച കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ പതിമൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് “വൈദ്യുതി ബോര്‍ഡ് കമ്പനി വല്‍ക്കരണവും കേരള സമൂഹവും” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ തലസ്ഥാനത്ത് പരീക്ഷിച്ച് ജനത്തിന് ദോഷകരമായി മാറിയ ഈ പരിഷ്‌ക്കാരം സംസ്ഥാനത്ത് നടപ്പിലാക്കുന്നത് എന്തിനെന്നും അദ്ദേഹം ആരാഞ്ഞു. കമ്പനി വല്‍ക്കരണ നടപടികളില്‍ നിന്നും തിരിച്ചു പോക്കിന് സംസ്ഥാനത്തിന് ഇനിയും അവസരമുണ്ടെന്നും അതിനുള്ള പോരാട്ടത്തിന് എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജലവൈദ്യുത പദ്ധതികളെ പൂര്‍ണ്ണമായി എതിര്‍ക്കരുതെന്നും പരിസ്ഥിതി സൗഹൃദമായ പദ്ധതികള്‍ പൊതുമേഖലയില്‍ തന്നെ കൊണ്ടുവരണമെന്നും മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ ആവശ്യപ്പെട്ടു.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ന് സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് ദേശീയ വല്‍ക്കരണത്തിലേക്ക് മടങ്ങി വരുന്നത് ഭരണാധികാരികള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ, എം പി ഗോപകുമാര്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡണ്ട് പ്രൊഫ. പി പി കുഞ്ഞിക്കണ്ണന്‍ പ്രസംഗിച്ചു. വി സന്തോഷ് കുമാര്‍ വിഷയമവതരിപ്പിച്ചു. കെ ഭാസ്‌ക്കരന്‍ മോഡറേറ്ററായിരുന്നു.
ഇന്ന് രാവിലെ പത്തു മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എ എന്‍ രാജന്‍, പി സുബ്രഹ്മണ്യന്‍, എ അഹമ്മദ്, ഡോ. നൗഫല്‍ ഇ പി, ഷാനവാസ്, എം വിനോദ് പങ്കെടുക്കും.

Latest