പുഞ്ചിരിക്കുന്ന റഡാറുമായി സ്വദേശി വിദ്യാര്‍ഥിനികള്‍

Posted on: January 19, 2014 11:01 am | Last updated: January 19, 2014 at 11:01 am

Smiling radarഅല്‍ ഐന്‍: നിരത്തുകളിലോടുന്ന വാഹനങ്ങളുടെ വേഗമളക്കുന്ന പുതിയ തരം റഡാറുമായി സ്വദേശി വിദ്യാര്‍ഥിനികള്‍ രംഗത്ത്. അല്‍ ഐന്‍ യു എ ഇ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലെ അഞ്ചു സ്വദേശി വിദ്യാര്‍ഥിനികളാണ് പുതിയ റഡാര്‍ നിര്‍മിച്ചത്.
പുതിയതായി കണ്ടുപിടിച്ച റഡാറിന് ഇവരിട്ട പേര് ‘പുഞ്ചിരിക്കുന്ന റഡാര്‍’ എന്നാ ണ്. സോളാര്‍ പാനല്‍, കാമറ, കമ്പ്യൂട്ടര്‍ സിസ്റ്റം എന്നിവ സംയോജിപ്പിച്ചാണ് കാമറയുടെ പ്രവര്‍ത്തനം നടക്കുന്നത്. കാമറയുടെ പരിധിയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ കൃത്യമായ വേഗവും നിയമങ്ങളും പാലിക്കുന്നവയാണെങ്കില്‍ സ്‌ക്രീനില്‍ പുഞ്ചിരിക്കുന്ന മുഖം പ്രതൃക്ഷപ്പെടും. സ്‌ക്രീനില്‍ തെളിയുന്ന പ്രകാശത്താലുള്ളതായിരിക്കും പുഞ്ചിരിക്കുന്ന മുഖം. ഇക്കാരണത്താലാണ് ഇതിന് പുഞ്ചിരിക്കുന്ന റഡാര്‍ എന്ന് പേരിട്ടത്.
നാല് മാസത്തെ തുടര്‍ച്ചയായ ശ്രമത്തിനൊടുവിലാണ് സ്വദേശി വിദ്യാര്‍ത്ഥിനികള്‍ ഇത് കണ്ടുപിടിച്ചത്. അബൂദാബി പോലീസിലെ ട്രാഫിക് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് പുതിയ റഡാര്‍ കണ്ടു പിടിക്കാനുണ്ടായ സാങ്കേതിക സഹായത്തെ വിദ്യാര്‍ഥിനികള്‍ നന്ദിയോടെ സ്മരിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ കോളജ് കാമ്പസില്‍ പ്രവര്‍ത്തിച്ച് വിജയം കൈവരിച്ചതായി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥിനികള്‍ അവകാശപ്പെട്ടു. ഇനിയും ചില നവീകരണങ്ങള്‍ കൂടി നടത്തേണ്ടതുണ്ടെന്നും അതിന് ശേഷം ട്രാഫിക് വിഭാഗത്തിന് റഡാര്‍ കൈമാറുമെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.