അബൂദബിയില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ബസില്‍ സൗജന്യ യാത്ര

Posted on: January 19, 2014 10:52 am | Last updated: January 19, 2014 at 10:53 am

അബുദാബി: നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ബസില്‍ സൗജന്യ യാത്രയുമായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട്. സമഗ്രവും സുസ്ഥിരവുമായ ബസ് സര്‍വീസ് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി അബുദാബി ട്രാന്‍സ്‌പോര്‍ട്ടാണ് ‘പാര്‍ക് ആന്‍ഡ് റൈഡ്’ സര്‍വീസ് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകോത്തര നിലവാരമുള്ള ബസ് സര്‍വീസ് എന്ന ലക്ഷ്യത്തിനായി സര്‍ഫസ് ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ലാനാ(എസ് ടി എം പി)ണ് ട്രാന്‍സ്‌പോര്‍ട്ട് ഇതിനായി നടപ്പാക്കുന്നത്. വൈ ഫൈ ഉള്‍പ്പെടെയുള്ള ആധുനിക വാര്‍ത്താവിനിമയ ഉപാധികള്‍ ഉള്‍ക്കൊള്ളിച്ചാണ് ബസ് സര്‍വീസ്. അബുദാബിയിലെ സായിദ് സ്‌പോട്‌സ് സിറ്റിയില്‍ എത്തുന്ന കാറുകള്‍ അവിടെ പാര്‍ക്ക് ചെയ്ത് സൗജന്യമായി നഗരത്തില്‍ എവിടേയും സഞ്ചരിക്കാന്‍ സാധിക്കും. ഇതിനായി സായിദ് സ്‌പോട്‌സ് സിറ്റിയില്‍ 600 പാക്കിംഗ് ബേകള്‍ നിര്‍മിച്ചിട്ടുണ്ട്. ബേയില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് പാര്‍ക്കിംഗും സൗജന്യമായിരിക്കും. പാര്‍ക്കിംഗിനൊപ്പം ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ദിവസം മുഴുവന്‍ യാത്ര ചെയ്യാം. അത്രയും സമയം പാര്‍ക്കിംഗും സൗജന്യമായിരിക്കും. തിരക്കേറിയ സമയത്ത് 15 മിനുട്ട് ഇടവിട്ടും മറ്റ് സമയങ്ങളില്‍ 30 മിനുട്ട് ഇടവിട്ടും ഇവിടെ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുണ്ടാവും. രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെയാണ് ഞായര്‍ മുതല്‍ വ്യാഴം വരെ സര്‍വീസുണ്ടായിരിക്കുക.