അഫ്ഗാനിസ്ഥാന്റെ ഐ എം എഫ് മേധാവി കൊല്ലപ്പെട്ടു

Posted on: January 19, 2014 6:30 am | Last updated: January 19, 2014 at 9:31 am

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മുതിര്‍ന്ന ഐ എം എഫ് (ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട്) ഉദ്യോഗസ്ഥനും നാല് യു എന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കാബൂളിലെ വിദേശ പൗരന്‍മാരും നയതന്ത്രജ്ഞരും കൂടുതലായി താമസിക്കുന്ന വാസിര്‍ അക്ബര്‍ ഖാന്‍ ഭാഗത്തെ റെസ്റ്റോറന്റിലാണ് ചാവേര്‍ സ്‌ഫോടനവും പിന്നീട് വെടിവെപ്പും ഉണ്ടായത്. വിദേശ പൗരന്‍മാരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണങ്ങളില്‍ 13 വിദേശികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതായും പത്തോളം പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ഐ എം എഫിന്റെ അഫ്ഗാനിസ്ഥാന്‍ മേധാവി വാബെല്‍ അബ്ദുല്ലയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന യു എന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട വിദേശ പൗരന്‍മാരില്‍ ബ്രിട്ടന്‍, അമേരിക്ക, കാനഡ, ലബനാന്‍, റഷ്യ, എന്നിവിടങ്ങളില്‍ നിന്നുള്ളവാരാണ് ഉള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
താലിബാന്‍ ഭീഷണിയുള്ളതിനാല്‍ റെസ്റ്റോറന്റില്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നെങ്കിലും ഇതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള ആക്രമണമാണ് താലിബാന്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു. റെസ്റ്റോറന്റിന്റെ മുഖ്യ കവാടത്തിന് പുറത്തുനിന്ന് മാരകമായ സ്‌ഫോടക വസ്തുക്കള്‍ ധരിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയും ഈ സമയത്ത് തോക്കുധാരികളായ രണ്ട് പേര്‍ അകത്തു കടന്ന വെടിവെപ്പ് നടത്തുകയുമായിരുന്നുവെന്ന് അഭ്യന്തര ഉപ മന്ത്രി മുഹമ്മദ് അയ്യൂബ് സലാംഗി പറഞ്ഞു.
റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെ അക്രമി അലക്ഷ്യമായി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ആക്രമണത്തോട് ശക്തമായ ഭാഷയിലാണ് ഐ എം എഫ് മേധാവിയും യു എന്‍ സെക്രട്ടറി ജനറലും പ്രതികരിച്ചത്. ഞെട്ടിക്കുന്ന ആക്രമണമാണിതെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ബാന്‍ കി മൂണ്‍ വ്യക്തമാക്കി. സാധാരണക്കാര്‍ക്കും നയതന്ത്രജ്ഞര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെയും സ്‌ഫോടനങ്ങളെയും ന്യായീകരിക്കാന്‍ കഴിയില്ലെന്നും കടുത്ത മനുഷ്യവകാശ ധ്വംസനങ്ങള്‍ അഴിഞ്ഞാടുന്ന അഫ്ഗാനില്‍ നിന്ന് ഇത്തരം ആക്രമണങ്ങളും സ്‌ഫോടനങ്ങളും ഇല്ലായ്മ ചെയ്യേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.