കറാച്ചിയില്‍ വെടിവെപ്പ്; പത്രപ്രവര്‍ത്തകരടക്കം ഒമ്പത് മരണം

Posted on: January 19, 2014 6:30 am | Last updated: January 19, 2014 at 9:30 am

ഇസ്‌ലാമാബാദ്: കറാച്ചിയില്‍ വെടിവെപ്പില്‍ മാധ്യമ പ്രവര്‍ത്തകരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക രാഷ്ട്രിയ പാര്‍ട്ടി നേതാവും എക്‌സ്പ്രസ് ന്യൂസ് ചാനലിന്റെ മൂന്ന് ജോലിക്കാരടക്കം ഒമ്പത് പേരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത്. കറാച്ചിയിലെ നിസാമാബാദില്‍ ഇന്നലെ വൈകുന്നേരം നടന്ന വെടിവെപ്പിലാണ് ചാനലിന്റെ ഡ്രൈവറും ടെക്‌നീഷ്യനും അടക്കം മൂന്ന് പേര്‍ മരിച്ചത്. ആയുധധാരിയായ ഒരാള്‍ ബൈക്കിലെത്തി ചാനല്‍ വാഹനത്തിന് സമീപ്പം നിര്‍ത്തി വാഹനത്തിനുലള്ളിലേക്ക് തുരുതരാ വെടിവെക്കുകയായിരുന്നുവെന്ന് ചാനലിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ആക്രമണത്തില്‍ കാമറ മാനിന് പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാധിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. ചാനല്‍ തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ പുറത്ത് വിടുന്നതിനാലാണ് ചാനലിനെ ആക്രമിച്ചതെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. രാഷ്ട്രിയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുഫ്തി ഉസ്മാന്‍ യര്‍ഖാന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഈ അടുത്തായി കറാച്ചിയില്‍ വേറെയും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മാസം ഒമ്പതിന് നടന്ന ചാവേര്‍ ആക്രമണത്തില്‍ തീവ്രവാദി വിരുദ്ധ വിഭാഗം നേതാവായ ചൗദരി അസ്‌ലം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ 18 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.