മഅദനി: ഷാഹിനയും സുബൈറും ഉമ്മര്‍ മൗലവിയും കോടതിയില്‍

Posted on: January 19, 2014 4:39 am | Last updated: January 19, 2014 at 7:43 am

madani.......മടിക്കേരി: അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതിന് കാരണമായ മൊഴി നല്‍കിയ കര്‍ണാടക സ്വദേശികളായ പ്രഭാകരന്‍, യോഗാനന്ദന്‍, റഫീഖ് എന്നിവരെ അവരുടെ വീട്ടി ല്‍ കയറി ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തക ഷാഹിന, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി എം സുബൈര്‍ പടുപ്പ്, മടിക്കേരി ഉമ്മര്‍ മൗലവി എന്നിവര്‍ സോമാര്‍പേട്ട കോടതിയില്‍ ഹാജരായി.
കുറ്റപത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വേണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 19ലേക്ക് കേസ് മാറ്റിവെച്ചു.
അതേസമയം, മടിക്കേരി കോടതിയില്‍ നിലനില്‍ക്കുന്ന സമാനമായ കേസില്‍ ഈ മാസം 24ന് ഇവര്‍ വീണ്ടും ഹാജരാകണം.
തങ്ങള്‍ക്കെതിരായി കര്‍ണാടക പോലീസ് എടുത്ത കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഷാഹിനയും സംഘവും നല്‍കിയ പരാതി പരിഗണനക്കെടുത്ത സോമാര്‍പേട്ട കോടതി സിദ്ധാപുരം സി ഐ മഹേഷിന് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചു.
ഷാഹിന, സുബൈര്‍ പടുപ്പ്, ഉമ്മര്‍ മൗലവി എന്നിവരെ നിയമപരമായി സഹായിക്കാന്‍ രൂപവത്കരിച്ച നിയമസഹായ വേദി ഈ കേസില്‍ ഇടപെടാന്‍ തീരുമാനിച്ചു.