Connect with us

Kannur

പിണറായി പുത്തന്‍കണ്ടത്ത് ബോംബ് ശേഖരം കണ്ടെത്തി

Published

|

Last Updated

തലശ്ശേരി: കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പിണറായി പുത്തന്‍കണ്ടത്തിലെ ആളൊഴിഞ്ഞ പറമ്പിലുള്ള കുറ്റിക്കാട്ടില്‍ ഉഗ്രശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി. പുത്തന്‍കണ്ടം കേലാലൂര്‍ റോഡില്‍ അങ്കണ്‍വാടി കെട്ടിടത്തിനടുത്ത് കാടുമൂടിയ സ്ഥലത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഒളിച്ചുവെച്ച നിലയിലായിരുന്നു ബോംബുകള്‍. 35 സ്റ്റീല്‍ ബോംബുകളും ഒരു ഐസ്‌ക്രീം ബോംബുമാണ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കതിരൂര്‍ അഡി. എസ് ഐ ദേവദാസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് തിരച്ചില്‍ നടത്തി ബോംബ് ശേഖരം പിടികൂടിയത്. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് സംഭവം. വിവരമറിഞ്ഞ് തലശ്ശേരി എ എസ് പി. ടി നാരായണന്‍, കൂത്തുപറമ്പ് സി ഐ. കെ വി ബാബു എന്നിവരും സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധിച്ച ശേഷം ബോംബുകള്‍ കതിരൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബോംബുകള്‍ കണ്ടെത്തിയതിന്റെ സമീപ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ നിര്‍മാണ സാമഗ്രികളും കണ്ടെത്തി.
നേരത്തെ സി പി എം ശക്തികേന്ദ്രമായിരുന്നു പുത്തന്‍കണ്ടം ഏതാനും വര്‍ഷങ്ങളായി ആര്‍ എസ് എസ് ആധിപത്യത്തിലാണ്. ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഇടക്കിടെ ഏറ്റുമുട്ടലുകളും നടക്കാറുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി പ്രസ്താവിക്കാനിരിക്കെ കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ഉള്‍പ്പടെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനിരിക്കക്കെ സംഘര്‍ഷ മേഖലയായ പുത്തന്‍കണ്ടത്തില്‍ കണ്ടെ ത്തിയ ബോംബ് ശേഖരം പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

Latest