Connect with us

Editorial

ഇവര്‍ക്ക് അവഗണന ഒഴിയാബാധ

Published

|

Last Updated

ആഹ്ലാദവും അഭിമാനവും കൊണ്ട് ഹൃദയം നിറഞ്ഞുതുളുമ്പുമ്പോഴും പീഡനത്തിനും അപമാനത്തിനും ഇരയായി ഇടനെഞ്ച് പൊട്ടുമ്പോഴും നമ്മുടെ കായികതാരങ്ങളെ കാത്തിരിക്കുന്നത് അപമാനവും അവഗണനയും തന്നെ. 59-ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായി പതിനേഴാം തവണയും കിരീടം നേടി തിരിച്ചെത്തിയ കേരളത്തിന്റെ അഭിമാനഭാജനങ്ങള്‍ക്ക് കളിപ്രേമികളുടെ നഗരമായ കോഴിക്കോട്ട് ലഭിച്ചത് തികഞ്ഞ അവഗണന. 35 സ്വര്‍ണവും 27 വെള്ളിയും 17 വെങ്കലവുമുള്‍പ്പെടെ 315 പോയിന്റുകളോടെ ദേശീയ ചാമ്പ്യന്മാരായ കേരള താരങ്ങളെ ജില്ലാ അധികാരികളും കായിക സംഘടനകളും കായികപ്രേമികളും അവഗണിക്കുകയായിരുന്നു. ഇത് അത്‌ലറ്റുകളുടെ മനംമടുപ്പിക്കുക തന്നെ ചെയ്യും. റാഞ്ചിയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ മരംകോച്ചുന്ന തണുപ്പിലും പ്രതികൂല സാഹചര്യങ്ങളിലും മലയാള മണ്ണിന് അഭിമാനം വാരിക്കോരി നിറച്ച അത്‌ലറ്റുകള്‍ക്ക് സ്വന്തംനാട്ടില്‍ ലഭിച്ചത് തികഞ്ഞ അവഗണനയാണെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്, വേദനാജനകമാണ്. ഇതോടൊപ്പം തന്നെ വന്ന മറ്റൊരു വാര്‍ത്ത കായികരംഗത്ത് വനിതാ അത്‌ലറ്റുകള്‍ അഭിമുഖീകരിക്കുന്ന പീഡനങ്ങള്‍ സംബന്ധിച്ചുള്ളതാണ്. സ്‌കൂള്‍ തലത്തിലായാലും കോളജ് തലത്തിലായാലും വനിതാ അത്‌ലറ്റുകള്‍ക്ക് ലൈംഗികവും മാനസികവുമായ പീഡനങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്. ഇക്കാര്യത്തില്‍, കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തിരുവനന്തപുരത്തെ ലക്ഷ്മിഭായ് നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനും സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കും കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്ട്‌സ് മന്ത്രാലയത്തിനും നോട്ടീസ് അയച്ചിരിക്കുന്നു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷാഫി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2013 നവംബറില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും നാളിതുവരെ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത്‌നിന്ന് ചലനമൊന്നും ഉണ്ടായിട്ടില്ല.
തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ സംബന്ധിച്ച് ആരോടെങ്കിലും പരാതിപ്പെടാന്‍ അത്‌ലറ്റുകളാരും ധൈര്യപ്പെടാറില്ല. അത്‌ലറ്റിക് രംഗത്തേക്ക് വരുന്നവരില്‍ മഹാഭൂരിപക്ഷവും ദരിദ്രമായ പശ്ചാത്തലത്തിലുള്ളവരാണ്. മക്കളുടെ ഭാവി ഓര്‍ത്ത്, ദുരനുഭവങ്ങള്‍ക്ക് പരാതിപ്പെടാന്‍ രക്ഷിതാക്കളും വിമുഖരാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഒരു വനിതാ കായിക അധ്യാപിക ഹൈക്കോടതിക്ക് എഴുതിയ ഊമക്കത്തിന്മേലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഇടപെടല്‍. വനിതാ അത്‌ലറ്റുകളെ പരിശീലകരും കായികാധ്യാപകരും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു. നിന്ദ്യമായ ഇത്തരം സംഭവങ്ങള്‍ നിരവധി മാധ്യമങ്ങളില്‍ വന്നിട്ടും ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ അധികാരികള്‍ സന്നദ്ധരായിട്ടില്ല. പരിശീലനവേളയിലെ പീഡനങ്ങള്‍ക്ക് പുറമെ കളിക്കളത്തിന് പുറത്തും പീഡനങ്ങള്‍ നടക്കുന്നതായി ഊമക്കത്തില്‍ ആരോപിക്കുന്നുണ്ട്. ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നവരെ പോലും ഇക്കൂട്ടര്‍ വെറുതെ വിടാറില്ല. കളിക്കളത്തില്‍ പരുക്കേറ്റ ഒരു വനിതാ അത്‌ലറ്റിന് പ്രാഥമിക ചികിത്സ നല്‍കുമ്പോള്‍ പോലും ഒരു കോച്ച് മര്യാദകെട്ട് പെരുമാറിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ്. മികച്ച പരിശീലനത്തിന് അവസരം ലഭിക്കാനും ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ടീമില്‍ അംഗമാകാനും കായികരംഗം അടക്കിവാഴുന്നവരെ തൃപ്തിപ്പെടുത്തണമെന്ന അവസ്ഥയാണുള്ളതെന്ന് കുറച്ചു കാലമായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഒളിമ്പ്യന്‍ ഉഷ തുടങ്ങി പി യു ചിത്ര വരെ മികച്ച അത്‌ലറ്റുകളെ വളര്‍ത്തിയെടുക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച കോച്ചുമാരെ ഇവിടെ വിസ്മരിക്കുന്നില്ല. അത്‌ലറ്റുകളെ മുഴുവന്‍ പീഡിപ്പിക്കുന്നുവെന്നോ പരിശീലകരെല്ലാം മോശക്കാരാണെന്നോ ഞങ്ങള്‍ ആരോപിക്കുന്നില്ല. കഴിവുറ്റ, ആത്മാര്‍ഥതയുള്ള പരിശീലകര്‍ നമുക്കുണ്ട്. കായികതാരങ്ങളെ മക്കളെപോലെ പരിചരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍ എത്രയോ ഉണ്ട്. കായികരംഗത്തിന് അപമാനം വരുത്തിവെക്കുന്നവര്‍ കൈവിരലുകളില്‍ എണ്ണാവുന്നവരെയുള്ളൂവെങ്കിലും അവര്‍ വരുത്തിവെക്കുന്ന ദുഷ്‌പ്പേര് ചെറുതല്ല.
ഇപ്പോള്‍ ഹൈക്കോടതി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കെ കായിക സംഘടനകളും അതിന് നേതൃത്വം നല്‍കുന്നവരും സര്‍ക്കാറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോച്ചുമാരെയും കായികാധ്യാപകരെയും കായിക സംഘടനാ ഭാരവാഹികളെയും, കാരണമില്ലാതെ അത്‌ലറ്റുകള്‍ അടക്കമുള്ള കായികതാരങ്ങള്‍ ഭയപ്പാടോടെ കാണേണ്ടിവരുന്ന അവസ്ഥ അവസാനിപ്പിക്കണം. കടുത്ത വെല്ലുവിളികള്‍ അഭിമുഖീകരിച്ചും കഠിന പരിശീലനത്തിലൂടെയും പ്രതിഭ തെളിയിക്കുകയും നാടിന് അഭിമാനമായി മാറുകയും ചെയ്യുന്ന കായികതാരങ്ങള്‍ തീര്‍ച്ചയായും നാടിന്റെ പൊതുസ്വത്താണ്. അവര്‍ ആദരിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. ഇതിന് ആദ്യമായി ചെയ്യേണ്ടത് സ്‌പോര്‍ട്‌സ്-കായിക സംഘടനകളുടെ കടിഞ്ഞാണ്‍ ആ രംഗത്തുള്ളവരെ തന്നെ ഏല്‍പ്പിക്കുകയാണ്.