Connect with us

Gulf

പാം ജുമൈറയില്‍ 11 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത

Published

|

Last Updated

ദുബൈ: പാം ജുമൈറയില്‍ 11 കിലോമീറ്റര്‍ നീളത്തില്‍ തടികൊണ്ട് കടലിന് മുകളില്‍ നടപ്പാത നിര്‍മിക്കാന്‍ പ്രമുഖ നിര്‍മാണ ക്മ്പനിയായ നഖീല്‍ ഒരുങ്ങുന്നു. 2014ന്റെ രണ്ടാം പാദത്തില്‍ നഖീല്‍ പദ്ധതിക്ക് ടെണ്ടര്‍ നല്‍കും. പദ്ധതിയുടെ രൂപകല്‍പ്പനാ കണ്‍സള്‍ട്ടന്റായി ഹാള്‍ക്രോയെ നിയമിച്ചിരിക്കുകയാണ്.
ജുമൈറയില്‍ പണിത മനുഷ്യ നിര്‍മിത ദ്വീപിനെ കരയുമായി നടപ്പാലത്തിലൂടെ ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ആറു മീറ്റര്‍ വീതിയിലാവും പാലം പണിയുക. പാതയുടെ ഇരുഭാഗത്തും ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ലഭ്യമാക്കാന്‍ കടലിന് അഭിമുഖമായി 20 മാടക്കടകള്‍ സ്ഥാപിക്കും. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം പാനീയങ്ങളും ദുബൈ നഗരത്തെക്കുറിച്ചുള്ള സ്മരണികകളും ഇവിടെ ലഭ്യമാക്കും.
കടലിലേക്ക് ആഴത്തില്‍ തൂണുകള്‍ സ്ഥാപിച്ചാവും തടികൊണ്ടുള്ള നടപ്പാത യാഥാര്‍ഥ്യമാക്കുക. നടപ്പാതയില്‍ നിന്നും സഞ്ചാരികള്‍ക്കും നഗരവാസികള്‍ക്കുമെല്ലാം കടലിന്റെ നീലിമക്കൊപ്പം കരയില്‍ സ്ഥിതിചെയ്യുന്ന അംബരചുംബികളുടെ മനോഹര കാഴ്ചയും കാണാന്‍ സാധിക്കും വിധമാണ് മരപ്പാലം രൂപകല്‍പ്പന ചെയ്യുക. അര്‍ധചന്ദ്രാകൃതിയില്‍ സ്ഥിതിചെയ്യുന്ന പാം ജുമൈറയുടെ മുഴുവന്‍ ഭംഗിയും പാലത്തിലൂടെ നടക്കുന്നവര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.
പാലത്തിന്റെ കാലുകളോട് ചേര്‍ന്ന് റസ്‌റ്റോറന്റുകളും കഫേകളും നിര്‍മിക്കും. നടത്തം ഇഷ്ടപ്പെടുന്നവര്‍ക്കൊപ്പം ഭക്ഷണ പ്രിയരേയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മുമ്പ് ഒന്നര കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത പണിയാനായിരുന്നു നഖീല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രാധാന്യവും സാധ്യതയും കണക്കിലെടുത്ത് 11 കിലോമീറ്ററായി ദീര്‍ഘിപ്പിക്കുകയായിരുന്നു.
ജുമൈറയില്‍ നഖീലിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരവധി പദ്ധതികളില്‍ ഒന്നു മാത്രമാണ് ഇതെന്ന് നഖീല്‍ വാക്താവ് വ്യക്തമാക്കി. 2013ല്‍ കമ്പനി സിറ്റി സ്‌കേപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജുമൈറയിലെ അര്‍ധ ചന്ദ്രാകൃതിയിലുള്ള ദ്വീപിനോട് ചേര്‍ന്ന് ഇത്തരം ഒരു നടപ്പാതക്ക് പദ്ധതിയിട്ടിരുന്നു. നഗരത്തെ മറ്റിടങ്ങളില്‍ നിന്നും വേറിട്ടതാക്കാനുള്ള നഖീലിന്റെ പ്രയത്‌നത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പദ്ധതിയെന്നും വാക്താവ് കൂട്ടിച്ചേര്‍ത്തു.
ലോക റെക്കാര്‍ഡില്‍ ഇടം നേടിയ കെട്ടിടം, റെസ്‌റ്റോറന്റ് തുടങ്ങിയവക്കൊപ്പം നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പുതിയ പദ്ധതിക്കും ലോകത്തിലെ വേറിട്ടതെന്ന ഖ്യാതി ലഭിച്ചേക്കാം. ദുബൈ സന്ദര്‍ശിക്കാന്‍ വര്‍ഷം തോറും എത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നുമായും ഇത് മാറുമെന്നാണ് നഖീലിനൊപ്പം നഗരത്തെ സ്‌നേഹിക്കുന്നവരും കരുതുന്നത്.

Latest