Connect with us

Gulf

പുതിയ അധ്യയന വര്‍ഷത്തെ പ്രവേശം തുടങ്ങി

Published

|

Last Updated

ഷാര്‍ജ: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഷാര്‍ജയില്‍ ആരംഭിച്ചു. കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ മുകളിലോട്ടുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. പല വിദ്യാലയത്തിലും വിത്യസ്ത രീതികളിലാണ് പ്രവേശനം. സീറ്റുകളുടെ ലഭ്യതയാണ് പ്രധാന മാനദണ്ഡം.
ഓരോ ക്ലാസുകളിലേക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ഇപ്പോള്‍ നടക്കുന്നത്. അഡ്മിഷന്‍ ഫോമുകള്‍ വിദ്യാലയങ്ങളില്‍ നിന്നു ഇത്തവണ നേരിട്ടു വിതരണം ചെയ്യുന്നില്ല. എങ്കിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടൊപ്പം അതിന്റെ ഒരു കോപ്പി വിദ്യാലയ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഈ കോപ്പിയോടൊപ്പം കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഈ മാസം അവസാനം വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരും. എത്ര കുട്ടികളാണ് പ്രവേശനത്തിനു വേണ്ടി ശ്രമിക്കുന്നതെന്ന് കണ്ടെത്താനാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. അതു കൊണ്ടു തന്നെ വിദ്യാലയങ്ങളില്‍ അപേക്ഷകരുടെ തിരക്കില്ല.
കഴിഞ്ഞ തവണ അഡ്മിഷന്‍ ഫോം നേരിട്ടായിരുന്നു വിതരണം. ഷാര്‍ജയിലെ പ്രമുഖ സ്വകാര്യ വിദ്യാലയമായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ രജിഷ്‌ട്രേഷന്‍ ആരംഭിച്ചു. ഈ മാസം 26 വരെ തുടരും. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്.
മാസങ്ങള്‍ക്കു മുമ്പു തന്നെ മക്കളുടെ അഡ്മിഷനു വേണ്ടി രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപേക്ഷിക്കുന്ന നല്ലൊരു ശതമാനം കുട്ടികള്‍ക്കും പ്രവേശനം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. വിദ്യാലയങ്ങളിലെ സ്ഥലപരിമിതിയാണ് ഇതിനു കാരണമെന്നറിയുന്നു.