ഷാര്‍ജ വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഇന്നു സമാപിക്കും

Posted on: January 18, 2014 8:55 pm | Last updated: January 18, 2014 at 8:55 pm

sharja music fest

ഷാര്‍ജ: പ്രഥമ ഷാര്‍ജ വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജക്ക് സംഗീതത്തിന്റെ നവ്യാനുഭുതി പകര്‍ന്നു നല്‍കിയ വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന് ഇന്ന് സമാപനമാവുമ്പോള്‍ എമിറേറ്റ് നിവാസികള്‍ക്കും സന്ദര്‍ശകരായി എത്തിയവര്‍ക്കും മറക്കാനാവാത്ത ഓര്‍മായാവും. അല്‍ അഖ്‌സ തിയറ്ററിലെ ബ്ലോക്ക് സിയിലും ഡിയിലുമായാണ് മ്യൂസിക് ഫെസ്റ്റിവല്‍ നടന്നുവരുന്നത്. പ്രശസ്ത ഊദ് വാദകനായ ഇറാഖ് സ്വദേശി നസീര്‍ ഷമ്മയുടെ സംഗീതം ശ്രദ്ധേയമായിരുന്നു.
ഇന്നലെ ഷമ്മയുടെ ദിനമായിരുന്നു. മുവാഷഹാത്ത് എന്ന ആന്തലൂസിയന്‍ കവിതയുടെ അകമ്പടിയോടെയായിരുന്നു നസീര്‍ തന്റെ ഊദ് വാതനത്തിന് മാന്ത്രികത സൃഷ്ടിച്ചത്. സ്വന്തം ബാന്റുമായാണ് അദ്ദേഹം ഷാര്‍ജയില്‍ സംഗീത കച്ചേരിക്ക് എത്തിയത്.
ഡ്രമ്മര്‍ മുസ്തഫ ഹുസൈന്‍, ഗിറ്റാറിസ്റ്റ് മുഹമ്മദ് സിക്ക, ഫഌട്ടിസ്റ്റ് ഹാനി അല്‍ ബദ്രി തുടങ്ങിയ പ്രമുഖര്‍ നസീറിനൊപ്പം കച്ചേരിയില്‍ പങ്കാളികളായി.
ഷൂറുഖ് ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ പിന്തുണയോടെ നടക്കുന്ന സംഗീത പരിപാടിക്ക് ഇന്ന് സമാപനമാവും. സി ബ്ലോക്കില്‍ ആറു മുതല്‍ ഏഴു വരെയും ഡി ബ്ലോക്കില്‍ ഏഴു മുതല്‍ എട്ടു വരെയും മുഖ്യ സ്‌റ്റേജില്‍ എട്ടര വരെയുമാണ് സംഗീത പരിപാടി നടക്കുക.