ഇന്ന് കാറ്റിനും മഴക്കും സാധ്യത: തണുപ്പില്‍ മരവിച്ച് യു എ ഇ

Posted on: January 18, 2014 8:51 pm | Last updated: January 18, 2014 at 8:51 pm

അല്‍ ഐന്‍: ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റിനും മഴക്കും സാധ്യതുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കാലാവസ്ഥ പ്രവചനാതീതമായി തുടരുന്നതിനൊപ്പം ചില ഇടങ്ങളില്‍ പേമാരിയും കനത്ത കാറ്റും പ്രതീക്ഷിക്കാം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ശക്തമായ തണുപ്പ് അനുഭവപ്പെടുകയാണ്.
ഇന്ന് വൈകുന്നേരവും രാത്രിയുമാണ് കാറ്റും മഴയും പ്രതീക്ഷിക്കുന്നതെന്ന് കലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പകല്‍ ആകാശം പൊതുവില്‍ മേഘാവൃതമായിരിക്കും. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ സാന്നിധ്യം കൂടും. അറേബ്യന്‍ ഗള്‍ഫിലെ ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്കന്‍ മേഖലയിലുമാവും മേഘങ്ങളുടെ സാന്നിധ്യം വര്‍ധിക്കുക. ഞായറാഴ്ചയും കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ഞായറാഴ്ചയും മഴക്ക് സാധ്യതയുണ്ട്. ചില ഇടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴ പെയ്‌തേക്കും. വടക്കു കിഴക്കന്‍ മേഖലയിലാവും കാറ്റും മഴയും ശക്തിപ്പെടുക.
ഉച്ചക്ക് ശേഷം പടിഞ്ഞാറന്‍ മേഖലയില്‍ ആകാശം മേഘാവൃതമായി മാറുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നാട്ടിലെ വര്‍ഷകാലത്തെ അനുസ്മരിക്കുന്ന രീതിയിലുള്ള മഴയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ ഒരാഴ്ചയില്‍ ഏറെയായി നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്. സെറ്ററും ജാക്കറ്റും തൊപ്പിയും ധരിക്കാതെ രാവിലെയും രാത്രിയും പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. വാഹനം ഓടിക്കുന്നവര്‍ കാറ്റിനും മഴക്കുമുള്ള സാധ്യത മുന്നില്‍ കാണണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.