വാടക വര്‍ധന തോന്നിയ പോലെ; ഫഌറ്റിന് നെട്ടോട്ടം

Posted on: January 18, 2014 8:50 pm | Last updated: January 18, 2014 at 8:50 pm

ഷാര്‍ജ: വാടക വര്‍ധനവ് തോന്നിയത് പോലെയെന്ന് പരാതി. ഷാര്‍ജ റോളയില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്ന മലയാളി കുടുംബം കെട്ടിട കരാര്‍ പതുക്കുന്നതിനിടെയാണ് ഈ ദുരനുഭവം. 14,000 വാര്‍ഷിക ദിര്‍ഹം വാടക ഉണ്ടായിരുന്ന ഫഌറ്റിന് 26,000 ദിര്‍ഹമായാണ് റിയല്‍ എസ്റ്റേറ്റ് ഓഫീസ് അധികൃതര്‍ വര്‍ധിപ്പിച്ചത്. നിരവധി തവണ വാടക കുറക്കാന്‍ അഭ്യര്‍ഥിച്ചുവെങ്കിലും ഒഴിഞ്ഞുപോകാന്‍ പറഞ്ഞതായി താമസക്കാര്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി താമസിക്കുന്ന ഫഌറ്റില്‍ നിന്നും എവിടേക്കു മാറുമെന്ന ആശങ്കയിലാണ് ഇവര്‍.
അതേസമയം 14,000 ദിര്‍ഹം വാടകയുണ്ടായിരുന്ന ഒറ്റ റൂം ഫഌറ്റിന് ഇപ്പോള്‍ 30,000 ദിര്‍ഹമും ഏഴായിരം മുതല്‍ എട്ടായിരം ദിര്‍ഹം വരെയുണ്ടായിരുന്ന സ്റ്റുഡിയോ ഫഌറ്റിന് 15,000 മുതല്‍ 18,000 ദിര്‍ഹം വരെയാണ് ഈടാക്കുന്നത്.
രണ്ട് റൂം ഫഌറ്റിന് 35,000 മുതല്‍ 40,000 വരെയാണ് ഇപ്പോഴത്തെ നിരക്ക്. വര്‍ഷത്തില്‍ 10 ശതമാനം വാടക വര്‍ധിപ്പിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ചില റിയല്‍ എസ്‌റ്റേറ്റ് കമ്പികളും ഇതിനെ ദുരുപയോഗം ചെയ്യുകയാണ്. എക്‌സ്‌പോ 2020ന്റെ പേരിലാണ് വാടക വര്‍ധിപ്പിക്കുന്നതെന്നറിയുന്നു. ഇതിനെതിരെ അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പല കുടുംബങ്ങളും.
സാധാരണ, അറ്റകുറ്റപ്പണികള്‍ കെട്ടിട ഉടമകളാണ് ചെയ്യാറുള്ളതെങ്കിലും ഇപ്പോള്‍ ഇതും താമസക്കാരുടെ ചുമലിലാണ്. ഫഌറ്റുകള്‍ താമസക്കാര്‍ക്കു നല്‍കുമ്പോള്‍ ഇത്തരം പണികള്‍ മറച്ചുവെക്കുന്നതായും ആരോപണമുണ്ട്.
റോളയെ കൂടാതെ മുസ്വല്ല, മൈസലൂണ്‍, അല്‍ ഖുവൈര്‍ എന്നിവിടങ്ങളിലും വന്‍ വാടക വര്‍ധനവാണ്. ദുബൈ-ഷാര്‍ജ അതിര്‍ത്തി പ്രദേശമായ അല്‍ വഹ്ദ, അല്‍ നഹ്ദ ഏരിയകളിലും സ്ഥിതി മറിച്ചല്ല. അല്‍ വഹ്ദയില്‍ ഷോപ്പുകള്‍ക്കും ഫഌറ്റുകള്‍ക്കും റെക്കോര്‍ഡ് വാടക വര്‍ധനവാണ്. ദുബൈയുമായി അതിര്‍ത്തി പങ്കിടുന്നതിനാലാണ് ഇവിടങ്ങള്‍ വന്‍ വര്‍ധനയെന്നാണ് പറയുന്നത്.
അല്‍ വഹ്ദ ഭാഗത്ത് ബാച്ചിലര്‍മാര്‍ക്ക് താസമ സൗകര്യത്തിനു ക്ഷാമം നേരിടുന്നതായി പലരും പറയുന്നു. വാടക വര്‍ധനവിനെ ചോദ്യം ചെയ്യുമ്പോള്‍ കെട്ടിടം ഒഴിയാനാണ് പല ഉടമകളും പറയുന്നത്. ഫഌറ്റുകളുടെ ഡെപ്പോസിറ്റ് തുകക്കും കമ്മീഷനും കൃത്യതയില്ല. ഓഫീസ് കമ്മീഷന്‍ കൂടാതെ നാത്തൂര്‍മാര്‍ക്കും കമ്മീഷന്‍ കൊടുക്കേണ്ട അവസ്ഥയാണെന്നും താമസക്കാര്‍ പറയുന്നു.