പിസ്റ്റള്‍ ഷൂട്ടിംഗ് പോലീസ് സ്‌കൂള്‍ ചാമ്പ്യന്മാര്‍

Posted on: January 18, 2014 8:45 pm | Last updated: January 18, 2014 at 8:45 pm

അബുദാബി: അബുദാബി പോലീസ് വാര്‍ഷിക പിസ്റ്റള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അബുദാബി പോലീസ്‌സ്‌കൂള്‍ ചാമ്പ്യന്മാരായി. 2014ലെ കായികപരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടും മൂന്നും സ്ഥാനം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗവും ഗതാഗത വിഭാഗവും നേടി.
അബുദാബി പോലീസിലെ 16 വകുപ്പുകളില്‍ നിന്നായി 80ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മത്സരങ്ങള്‍ അബുദാബി പോലീസ്ഓഫീസേഴ്‌സ് ക്ലബ്ബിലാണ് നടന്നത്. കായികവിഭാഗത്തിന്റെയും സ്ട്രാറ്റജി പെര്‍ഫോമന്‍സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ആഭ്യന്തരവിഭാഗം ഉദ്യോഗസ്ഥനായ കേണല്‍ മുഹമ്മദ് ഹമിദ് ബിന്‍ ദല്‍മൗജ് അല്‍ ദാഹിരി നിര്‍വഹിച്ചു.
പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ സീസണില്‍ പോലീസിന്റെ കായികവിഭാഗം സംഘടിപ്പിക്കാനിരിക്കുന്ന 18ഓളം കായിക പരിപാടികളില്‍ ആദ്യത്തേതാണ് പിസ്റ്റള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്. ഉദ്യോഗസ്ഥരുടെ കായികക്ഷമത നിലനിര്‍ത്തുക എന്നതാണ് ഇത്തരം മത്സരങ്ങളുടെ ഉദ്ദേശ്യം എന്ന് പോലീസ്‌വക്താക്കള്‍ പറഞ്ഞു.