Connect with us

Ongoing News

വിയര്‍പ്പ് ഓഹരിയില്‍ തുടങ്ങി ദുരൂഹത മരണം വരെ

Published

|

Last Updated

തിരുവനന്തപുരം: വിവാദങ്ങള്‍ കൂടെക്കൂട്ടി രാഷ്ട്രീയ പ്രവേശം നടത്തിയത് പോലെയായിരുന്നു ശശി തരൂരിന്റെ ജീവിതം. മൂന്നാം ജീവിത പങ്കാളിയായി സുനന്ദ പുഷ്‌കര്‍ എത്തിയതും വിവാദങ്ങളുടെ നടുവിലൂടെ തന്നെ. ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ സുനന്ദയുടെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിയില്‍ കൂടി ഇരുള്‍ മൂടുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ തിരുവനന്തപുരത്ത് വീണ്ടുമൊരു അങ്കത്തിന് കോപ്പുകൂട്ടുമ്പോഴാണ് ദുരന്തമായി മാറിയ വിവാദം തരൂരിനെ വേട്ടയാടുന്നത്.

പണമൊഴുക്കിന്റെ മേളയെന്ന് പേരെടുത്ത ഐ പി എല്ലില്‍ കേരളത്തിനൊരു ടീം പിറക്കുന്നതിനൊപ്പമാണ് സുനന്ദ- തരൂര്‍ പ്രണയം പുറം ലോകമറിയുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയെന്ന നിലയില്‍ തരൂര്‍ തന്റെ സ്വപ്‌നമെന്ന മട്ടിലാണ് കൊച്ചി ടീമിനെ അവതരിപ്പിച്ചത്. നാമമാത്ര ഓഹരിയാണ് മലയാളികള്‍ക്കുണ്ടായിരുന്നതെങ്കിലും അണിയറയില്‍ പണം ഇറക്കിയ വന്‍ സ്രാവുകള്‍ ആരെന്ന് അധികമാരും അറിഞ്ഞില്ല. കൊച്ചിക്ക് വേണ്ടി തരൂരും അഹമ്മദാബാദ് ടീമിന് വേണ്ടി നരേന്ദ്ര മോദിയും തിരശ്ശീലക്ക് പിന്നില്‍ കളി മുറുകിയതോടെ ഐ പി എല്‍ ചെയര്‍മാനായിരുന്ന ലളിത് മോദിയാണ് സുനന്ദയെന്ന കശ്മീര്‍ സ്വദേശിയുമായി തരൂരിന്റെ ബന്ധം പുറംലോകത്തെ അറിയിക്കുന്നത്.
കൊച്ചി ടീമില്‍ സുനന്ദക്ക് 70 കോടിയുടെ വിയര്‍പ്പ് ഓഹരിയുണ്ടെന്നും ഇത് എങ്ങനെ ലഭിച്ചെന്ന ചോദ്യവും ലളിത് മോദി ഉയര്‍ത്തി. ഐ പി എല്‍ കൊച്ചി ടീം പിറന്നെങ്കിലും തരൂരിന്റെ രാജിയിലാണ് അന്നത്തെ വിവാദം അവസാനിപ്പിച്ചത്. ലളിത് മോദിയുടെ പ്രസ്താവനയുടെ ചുവട് പിടിച്ച് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശശി തരൂര്‍ തന്നെ സുനന്ദയുമായുള്ള പ്രണയം സ്ഥിരീകരിച്ചു. ഒടുവില്‍ പാലക്കാട്ട് വെച്ച് ഇരുവരും വിവാഹിതരായി. വിവാഹദിനത്തില്‍ തരൂരും സുനന്ദയും ഗുരുവായൂരില്‍ ദര്‍ശനം നടത്തിയത് ആചാരലംഘനമെന്ന് പരാതി പിന്നാലെ വന്നു. ഗുരുവായൂരിലെ ആചാര പ്രകാരം വിവാഹശേഷം നവദമ്പതികള്‍ക്ക് നാലമ്പലത്തില്‍ പ്രവേശനം ഇല്ല. വിവാഹ ദിവസം തന്നെ ഇരുവരും ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ അവശ്യമായ പരിഹാരകര്‍മങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂര്‍ രക്ഷാ സമിതി പ്രവര്‍ത്തകര്‍ തന്ത്രിക്ക് പരാതി നല്‍കുന്നതില്‍ കാര്യങ്ങളെത്തി.
ശശി തരൂരിന്റെ പ്രസംഗത്തിനു സാക്ഷിയാകാന്‍ ലോക്‌സഭയുടെ സന്ദര്‍ശക ഗ്യാലറിയിലെത്തിയ സുനന്ദയും തരൂരും ആംഗ്യങ്ങളിലൂടെ ഏറെനേരം ആശയവിനിമയം നടത്തിയതിനെ ചൊല്ലിയും വിവാദമുണ്ടായി. പെരുമാറ്റ ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ആരോപിച്ച് ബി ജെപി രംഗത്തുവന്നിരുന്നു. ദമ്പതികളുടെ പെരുമാറ്റം അപക്വമെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം.
വിവാദ സമയത്തെല്ലാം കൂടെ നിന്ന സുനന്ദ പുഷ്‌കര്‍ ഒടുവില്‍ തരൂരിനെതിരെ തിരിഞ്ഞു. പാക് മാധ്യമ പ്രവര്‍ത്തകയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാഹബന്ധം വേര്‍പിരിയുന്നു സുനന്ദ മാധ്യമങ്ങളെ അറിയിച്ചു. വിവാദം കത്തിപ്പടര്‍ന്നതോടെ വിവാദ ട്വീറ്റുകള്‍ തങ്ങളുടെതല്ലെന്നും സുനന്ദയുടെതെന്ന പേരില്‍ വന്നത് വളച്ചൊടിച്ച വാര്‍ത്തകളാണെന്നും സംയുക്ത വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന്റെ മഷിയുണങ്ങും മുമ്പാണ് തരൂരിന്റെ ജീവിതത്തില്‍ രക്തം വീണിരിക്കുന്നത്.
സുനന്ദയുടെ മരണം തരൂരിന്റെ ഭാവി രാഷ്ട്രീയ ജീവിതത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉയര്‍ത്തുമെന്നുറപ്പ്.

Latest