ഐസ് വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് കച്ചവടം: ഒരാള്‍ അറസ്റ്റില്‍

Posted on: January 18, 2014 8:18 am | Last updated: January 18, 2014 at 8:18 am

കോഴിക്കോട്: ഐസ് വില്‍പ്പനയുടെ മറവില്‍ നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. പുതിയകടവ് നാലുകുടി പറമ്പില്‍ അബൂബക്കര്‍ (60) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 20,000 രൂപ വിലവരുന്ന 120 ഗ്രാം കറുപ്പും 100ഗ്രാം കഞ്ചാവും പിടികൂടി. വെള്ളയില്‍, പുതിയകടവ് മേഖലിയിലായിരുന്നു പ്രധാനമായും ഐസ് വില്‍പ്പനയുടെ മറവില്‍ ഇയാള്‍ കഞ്ചാവും കറുപ്പും വിറ്റഴിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡും അബൂബക്കറിനെ പിടികൂടിയത്. ഇയാള്‍ ലഹരി വില്‍പ്പനക്കായി ഉപയോഗിച്ച സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും മയക്കുമരുന്ന് കേസില്‍ അബൂബക്കറിനെ പിടികൂടിയിരുന്നു.
സി ഐ. വി എ സലീം, അസി. ഇന്‍സ്‌പെക്ടര്‍മാരായ ബാബുരാജ്, അബ്ദുല്‍ ഇലാഹ്, ജുബീഷ്, സുജിത്ത്, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഇര്‍ഷാദ്, എഡിസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എസ്‌സൈസ് സംഘം പരിശോധന നടത്തിയത്.