Connect with us

Kozhikode

ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റ് രൂപവത്കരിച്ചു

Published

|

Last Updated

വടകര: ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റ് രൂപവത്കരിച്ചു. അതാത് കാലത്ത് മാറിമാറി വരുന്ന ആശുപത്രി സൂപ്രണ്ടുമാരും ലേ സെക്രട്ടറിയുമാണ് ട്രസ്റ്റ് സെക്രട്ടറിയും ട്രഷററും. സി പി എം നേതാവും ഡയാലിസിസ് നിധി ചെയര്‍മാനുമായ സി ഭാസ്‌കരനാണ് ട്രസ്റ്റ് ചെയര്‍മാന്‍. സ്ഥലം എം പി, എം എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ,് നഗരസഭാ ചെയര്‍പേഴ്‌സണ്‍, സമീപത്തെ എട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങളും കോണ്‍ഗ്രസ് നേതാവ് വി എസ് രഞ്ജിത്ത് കുമാര്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനും, എടയത്ത് ശ്രീധരന്‍, ടി ഐ നാസര്‍ എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. ട്രസ്റ്റ് രൂപവത്കരിച്ചില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് സമാഹരിച്ച മൂന്ന് കോടി രൂപക്ക് എഴുപത് ലക്ഷത്തോളം രൂപ ആദായ നികുതി നല്‍കേണ്ടിവരും. ഇതൊഴിവാക്കാനും, സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുമാണ് ട്രസ്റ്റ് രൂപവത്കരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് ട്രസ്റ്റിന്റെ കീഴിലാക്കി മാറ്റാനുള്ള നടപടിയില്‍ ആശുപത്രി വികസന സമിതി അംഗങ്ങള്‍ രംഗത്തുവന്നു. സി പി ഐ അംഗം സോമന്‍ മുതുവന, ജനതാദള്‍ (എസ്) പ്രതിനിധി കെ പ്രകാശന്‍, എന്‍ സി പി പ്രതിനിധി നാരായണ നഗരം പത്മനാഭന്‍ എന്നിവരാണ് ട്രസ്റ്റ് രൂപവത്കരിച്ചതിനെ ചോദ്യം ചെയ്തത്. ഏഴ് ഡയാലിസിസ് യന്ത്രങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതില്‍ നിന്ന് 42 പേര്‍ക്കേ ദിനംപ്രതി ഡയാലിസിസ് ചെയ്യാന്‍ കഴിയൂ. 267 രോഗികളുടെ രജിസ്‌ട്രേഷനാണ് ഇപ്പോള്‍ നിലവിലുള്ളത്. കൂടുതല്‍ യന്ത്രങ്ങള്‍ എത്തിയാല്‍ മാത്രമേ ഇനി ബാക്കിയുള്ള രോഗികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. നാല് ഡയാലിസിസ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഇന്നലെയാണ് ആരംഭിച്ചത്. അഡീഷനല്‍ ജില്ലാ ജഡ്ജ് ഡോ. പി വിജയകുമാര്‍, ഇന്‍കം ടാക്‌സ് കമ്മീഷണര്‍ വി കെ ദേവദാസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വി രഞ്ജിനി, എ എസ് പി യതീഷ്ചന്ദ്ര എന്നിവര്‍ ചേര്‍ന്ന് യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ധന്വന്തരി നിധി ട്രസ്റ്റിന് 80(എ) ആനുകൂല്യം നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്‍കം ടാക്‌സ് അസി. കമ്മീഷണര്‍ സനല്‍ ശിവദാസ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജ്യോതികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മടപ്പള്ളി കുഞ്ഞികൃഷ്ണന്‍, പി എസ് രഞ്ജിത്ത്കുമാര്‍, സോമന്‍ മുതുവന, എടയത്ത് ശ്രീധരന്‍, ടി ഐ നാസര്‍ പ്രസംഗിച്ചു.