സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇന്ന്: മങ്കടയില്‍ ലീഗില്‍ എതിര്‍പ്പ് ശക്തം

Posted on: January 18, 2014 8:14 am | Last updated: January 18, 2014 at 8:14 am

മങ്കട: കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരെ മങ്കട മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം. ഇന്ന് കടുങ്ങപുരം ഗവ.ഹൈസ്‌കൂള്‍ ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രിയെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത്‌ലീഗ് അടക്കം രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തില്‍ എം പിയും മന്ത്രിയുമായിട്ട് കാര്യമായ ഒരു പദ്ധതിക്കും ഫണ്ട് വകയിരുത്താന്‍ ശ്രമിക്കുകയോ പാര്‍ട്ടി പ്രവര്‍ത്തകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മാന്യമായ പ്രതികരണമോ ലഭിക്കുന്നില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്ഷേപം
മണ്ഡലത്തിലെ നൂറ് വര്‍ഷം തികഞ്ഞ് പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്ന ഗവ.ഹൈസ്‌കൂളിന് ഒരു രൂപ പോലും ഇത്രയും കാലമായിട്ടും അനുവദിക്കാതെ എം എല്‍ എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന് ശിലാസ്ഥാപനം നടത്താന്‍ എന്തിന് മന്ത്രിയെ വിളിക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. മങ്കടയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഏറെ പരിമിതിയുള്ള സ്ഥാപനമാണ്.
ആയുര്‍വേദ ആശുപത്രിയാകട്ടെ കെട്ടിടം തകര്‍ന്ന രൂപത്തിലാണ്. മങ്കടക്ക് കഴിഞ്ഞ വര്‍ഷത്തില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച ഹോമിയോ ഡിസ്‌പെന്‍സറി സ്ഥലം കണ്ടെത്താനാകാതെ ഇപ്പോഴും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
എം പിയുടെ ഫണ്ടില്‍ നിന്ന് പോലും കേന്ദ്രമന്ത്രിക്ക് മങ്കടക്കാര്‍ക്ക് വേണ്ടി അല്‍പം തുക നീക്കിവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആരോപണവും ശക്തമാണ്. ഒരു ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒരു റോഡിന് വേണ്ടി പദ്ധതിയുമായി സമീപിച്ചപ്പോള്‍ സഭ്യമല്ലാത്ത ഭാവത്തില്‍ അദ്ദേഹത്തെ മന്ത്രി തിരിച്ചയച്ചതായും മണ്ഡലത്തില്‍ ശ്രുതിയുണ്ട്.
കഴിഞ്ഞ കാലത്ത് അനുവദിച്ച ചില പദ്ധതികള്‍ തന്നെ പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം മാനിക്കാതെ കരാറുകാരുടെ ഇംഗിതത്തിനനുസരിച്ച് പദ്ധതികള്‍ക്ക് തുക വകയിരുത്തിയതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് മണ്ഡലത്തില്‍ പൊതുപരിപാടി ചോദിച്ച് വാങ്ങിയ മന്ത്രിക്ക് പാര്‍ട്ടി കൊടുത്തത് തൊഴിലുറപ്പ് പദ്ധതിക്കാര്‍ക്ക് ഓണക്കോടി വിതരണോദ്ഘാടനമാണ്. കേന്ദ്രമന്ത്രിയെ ഇത്തരത്തിലുള്ള പദ്ധതി ഉദ്ഘാടനത്തിന് നല്‍കിയത് മന്ത്രി മണ്ഡലത്തില്‍ കാര്യമായ ഒരു പദ്ധതിയും നല്‍കാത്തതിനാലായിരുന്നു.