സംരക്ഷിക്കണമെന്നാവശ്യം: ടൂറിസം ഭൂപടത്തില്‍ ഇടംതേടി ആട്ടീരിത്തോട്‌

Posted on: January 18, 2014 8:12 am | Last updated: January 18, 2014 at 8:12 am

കോട്ടക്കല്‍: ആട്ടീരി തോട് സംരക്ഷിച്ച് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കണമെന്നാവശ്യം ശകത്മാകുന്നു. പറപ്പൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലായി കിടക്കുന്ന തോട് നട്ടുകാര്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും കാട് മൂടിയ നിലയിലാണ്. നേരത്തെ കോട്ടക്കല്‍ നഗരത്തില്‍ നിന്നും മാലിന ജലം ഒഴുക്കിയതോടെയാണ് തോടിനെ നാട്ടുകാര്‍ കൈവെടിയാന്‍ ഇടവന്നത്.

ഇരു പഞ്ചായത്തുകളിലേയും അതിരുകളിലായുള്ള കൊട്യായ്ക്കല്‍ ചിറയും പള്ളിപ്പുറം ചിറയും സംരക്ഷിച്ചാല്‍ തോട് ഉപയോഗപ്പെടുത്താനാവും. ഒരു കിലോമീറ്റര്‍ നീളമുള്ള ചിറക്ക് പത്ത് മുതല്‍ 20 മീറ്റര്‍ വരെ വീതിയും മൂന്ന് മീറ്റര്‍ മുതല്‍ ഏഴ് വരെ ആഴവുമുണ്ട്. കാലങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ കൊട്യായിക്കല്‍ ചിറതാണ്ടിയായിരുന്നു കൃഷിയിടത്തില്‍ വെള്ളമെത്തിച്ചിരുന്നത്. ഇപ്പോള്‍ ചിറ കെട്ടി സംരക്ഷിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഇതെ തുടര്‍ന്ന് ആട്ടീരി എ എം എല്‍ പി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് വിദ്യാര്‍ഥികളും അധ്യാപകരും ചിറക്ക് സംരക്ഷണമൊരുക്കി.
ഹെക്ടര്‍ കണക്കിന് വയലാണ് തോടിന് പരിസരത്തായുള്ളത്. നേരത്തെ നെല്‍കൃഷി ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ വാഴയും കപ്പയുമാണ് കൃഷിയിറക്കിയിരിക്കുന്നത്. ഇതിന് കൂടുതല്‍ വെളളം ആവശ്യമില്ലാത്തതും കര്‍ഷകരെ മാറി ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്. കാടുകയറിയ നിലയിലാണ് ഇപ്പോള്‍ തോടിന്റെ കരകള്‍. നേരത്തെ നെല്‍കൃഷി ചെയ്തിരുന്നവര്‍ ഇത് വൃത്തിയാക്കിയിരുന്നു. നെല്‍കൃഷി നീങ്ങിയതും കാടുകയറുന്നതിന് കാരണമായി. നാട്ടുകാര്‍ കഴിഞ്ഞ കാലത്ത് കുളിക്കാനും അലക്കാനും തോടിനെ തന്നെയാണ് ആശ്രയിച്ചിരുന്നത്. കോട്ടക്കലിലെ മലിനജലം തോട്ടിലേക്ക് തള്ളിയതോടെയാണ് ഇതിനും മാറ്റം വന്നത്. സമരമുറകള്‍ കാരണം മലിനജലം തോട്ടില്‍ തള്ളുന്നത് നിര്‍ത്തിയതോടെ വെളളം വൃത്തിയുള്ളതായി. ഉപയോഗമില്ലാത്തതിനാല്‍ ഇപ്പോള്‍ അനാഥമായികിടക്കുകയാണ്.
നീളവും വീതിയും എല്ലാമുണ്ടായതിനാല്‍ തോട് വൃത്തിയാക്കി പെഡല്‍ബോട്ടിങ്ങിനായി ഉപയോഗിക്കാനാവും. കോട്ടക്കല്‍ നഗരസഭ നിര്‍മിക്കുന്ന സായാഹ്ന പാത ഈ ഭാഗത്തേക്കും കൂടി നീട്ടുകയാണെങ്കില്‍ ഇക്കാര്യം എളുപ്പമാകും. തോട് സംരക്ഷിക്കുകയും ചിറകെട്ടുകയും ചെയ്താല്‍ ആട്ടീരി, കുഴിപ്പുറം, കൊളത്തുപ്പറമ്പ്, പുത്തൂര്‍ ഭാഗങ്ങളില്‍ ലഭ്യമാകുന്ന ജലനിരപ്പ് ഉയരാനും ഉപകരിക്കും.