കുടിവെള്ളം കലോത്സവ നഗരിയില്‍ കിട്ടാക്കനിയാകും

Posted on: January 18, 2014 8:10 am | Last updated: January 19, 2014 at 4:25 pm

water-conservationപാലക്കാട്: കലോത്സവ നഗരിയില്‍ കുടിവെള്ളം കിട്ടാക്കനിയാകും. നഗരിയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാന്‍ ചെലവാകുന്ന തുക ആര് നല്‍കുമെന്ന തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണമായത്. തുക സംബന്ധിച്ച് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ വെള്ളം എത്തിക്കാനാകൂ എന്ന് വാട്ടര്‍അതോറിറ്റി വിദ്യാഭ്യാസവകുപ്പിനെഅറിയിച്ചിട്ടുണ്ട്. പ്രധാനവേദിയായ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്കും ഭക്ഷണനഗരിയായ വിക്‌ടോറിയ കോളജിലേക്കും പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ച് 24 മണിക്കൂറം വെള്ളം എത്തിക്കാന്‍ സംഘാടക സമിതി വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുള്ള തുക നഗരസഭ വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതുപ്രകാരം വാട്ടര്‍ അതോറിറ്റി വിക്‌ടോറിയ കോളജ് ഗ്രൗണ്ടിലേക്ക് പ്രത്യേക ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ടാപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ രണ്ട് പ്രവൃത്തികള്‍ക്കും ചെലവായ 6.3 ലക്ഷം രൂപ ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി കഴിഞ്ഞ ദിവസം നഗരസഭക്ക് ബില്ല് നല്‍കിയെങ്കിലും ഇത്തരത്തില്‍ തുക നല്‍കാന്‍ നിര്‍ദേശമില്ലെന്നായിരുന്നു മറുപടി.
ഇതേ തുടര്‍ന്ന് ചെലവായ തുക ആര് നല്‍കുമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി വിദ്യാഭ്യാസ വകുപ്പിന് കത്തുനല്‍കിയിട്ടുണ്ട്. അതേ സമയം ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്‌ചെലവായ തുക നഗരസഭവഹിക്കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.വിക്‌ടോറിയ കോളജ് നഗരസഭക്ക് കീഴിലില്ലാത്തതിനാല്‍ അവിടേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചതിന്റെ ബില്‍ നഗരസഭ ക്ക് നല്‍കാനാകില്ലെന്നാണ് നഗരസഭയുടെ വാദം.
വിക്‌ടോറിയ കോളജിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവായെന്ന് വാട്ടര്‍ അതോറിറ്റി പറയുന്നു.