കുടുംബശ്രീ അപാരല്‍ പാര്‍ക്ക് തുടങ്ങും

Posted on: January 18, 2014 8:00 am | Last updated: January 18, 2014 at 8:08 am

കല്‍പറ്റ: കുടുംബശ്രീ ജില്ലയില്‍ നടപ്പാക്കുന്ന നൂതന സംരംഭമായ അപ്പാരല്‍ പാര്‍ക്കിനായുള്ള നടപടികള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ അഞ്ച് യൂണിറ്റുകളാണ് തുടങ്ങുക.
സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ, തിരുനെല്ലി, മുള്ളന്‍കൊല്ലി, പൂതാടി എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്.
200 കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഗ്രാമപഞ്ചായത്ത് അനുവദിക്കും. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇശ (കടഒഅ) ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം പരിശീലനം നല്‍കും.
തുടര്‍ച്ചയായി നാല് മാസത്തെ പരിശീലനമാണ് നല്‍കുക. പരിശീലനം പൂര്‍ത്തിയാക്കുന്ന ഓരോ ഗുണഭോക്താക്കള്‍ക്കും പതിനായിരം രൂപ സബ്‌സിഡി അനുവദിക്കും.
പരിശീലന തുക, സബ്‌സിഡി, പദ്ധതി തയ്യാറാക്കല്‍ തുടങ്ങിയവ കുടുംബശ്രീ ജില്ലാ മിഷന്‍ സി.ഡി.എസ് മുഖേന ഉറപ്പാക്കും.
ഗുണഭോക്താക്കളെ ഗ്രാമപഞ്ചായത്തും, സി.ഡി.എസും സംയുക്തമായി കണ്ടെത്തുക.
25 മുതല്‍ 40 വരെ അംഗങ്ങളായിരിക്കും ഒരു സെന്ററിലുണ്ടാവുക. 5 പേരടങ്ങുന്ന ഗ്രൂപ്പുകളാക്കും. തുണി വാങ്ങി വസ്ത്രമാക്കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യത്തിലും ഘട്ടംഘട്ടമായി പരിശീലനം നല്‍കും. ആധുനിക യന്ത്രോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം നല്‍കുന്നതാണ്.
ചെറുതും വലുതുമായ ഓര്‍ഡറുകള്‍ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് എത്രയും വേഗത്തില്‍ വസ്ത്രം നല്‍കാനാവുമെന്നതാണ് അപ്പാരല്‍ പാര്‍ക്കിന്റെ പ്രത്യേകത.
വസ്ത്ര നിര്‍മ്മാണ വിപണന രംഗത്ത് കുടുംബശ്രീക്കാര്‍ക്ക് പുതിയ അവസരവും അംഗീകാരവും ഉറപ്പ് വരുത്താനാവും.