Connect with us

Wayanad

നഗരസഭാ പരിധിയില്‍ മൂന്നിടങ്ങളിലായി 16 കുരങ്ങുകള്‍ കൂട്ടിലായി

Published

|

Last Updated

കല്‍പറ്റ: നഗരസഭാ പരിധിയിലെ മൂന്നിടങ്ങളിലായി ഇന്നലെ 16 കുരങ്ങുകള്‍ കൂട്ടില്‍ അകപ്പെട്ടു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുരങ്ങുശല്യ നിവാരണ സമിതി നടത്തിവന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ 15 മുതല്‍ മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ വനം വകുപ്പ് ഇരുമ്പുകൂട് സ്ഥാപിച്ച് ഇവയെ പിടിച്ചുതുടങ്ങിയത്. കൂട്ടില്‍ അകപ്പെടുന്ന കുരങ്ങുകളെ വനത്തില്‍ വിടുകയാണ് ചെയ്യുന്നത്. ആദ്യ ദിവസം കലക്‌ടേറ്റ് പരിസരത്ത് സ്ഥാപിച്ച കൂട്ടില്‍ മൂന്ന് കുരങ്ങുകള്‍ മാത്രമാണ് കുടുങ്ങിയത്.
രണ്ടാം ദിവസം ഒരെണ്ണവും. ഇന്നലെ എമിലിയില്‍ സ്ഥാപിച്ച കൂട്ടില്‍ അഞ്ചും ഗൂഡലായിക്കുന്ന് ക്വാറിക്ക് സമീപം വെച്ച കൂട്ടില്‍ പത്ത് കുരങ്ങുകളും ഡി എഫ് ഒ ഓഫീസിന് സമീപത്തെ കൂട്ടില്‍ ഒരു കുരങ്ങുമാണ് അകപ്പെട്ടത്. കൂട് സ്ഥാപിച്ചത് മുതല്‍ മുനിസിപ്പാലിറ്റിയുടെ പല ഭാഗത്തു നിന്നും കുരങ്ങിന്‍ കൂട്ടങ്ങള്‍ ഉള്‍വലിഞ്ഞിരിന്നു. കുരങ്ങ് ശല്യം തടയണമെന്നാവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ പരിധിയിലെ ജനങ്ങള്‍ ഡി എഫ് ഒ ഓഫീസ്, കലക്ടറേറ്റ് എന്നിവിടങ്ങളലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 2005ല്‍ ഇത് സംബന്ധിച്ച് കോടതി വിധി ഉണ്ടായിട്ടും ഇക്കാര്യത്തില്‍ കാര്യമായ ജനകീയ ഇടപെടല്‍ ഉണ്ടായിരുന്നില്ല. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെയും മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ആലിയുടെയും സാന്നിധ്യത്തില്‍ സൗത്ത് വയനാട് ഡി എഫ് ഒ ധനേഷ്‌കുമാര്‍ കുമാര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് കുരങ്ങുകളെ പിടികൂടി വനത്തില്‍ വിടാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. നബാര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ട് ഇതിനായി ലഭ്യമാക്കാനും നടപടിയായി. വിവിധ പ്രദേശങ്ങളില്‍ കൂടുസ്ഥാപിച്ച് കുരങ്ങുകളെ പിടികൂടി വനത്തില്‍ വിടുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശവാസികളുടെ ഭാഗത്തുനിന്ന് അകമഴിഞ്ഞ സഹകരണവും ലഭിക്കുന്നുണ്ട്.