കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഫ് സോണ്‍ കലോത്സവം: ഡബ്ല്യു എം ഒ കോളജ് മുന്നേറുന്നു

Posted on: January 18, 2014 8:05 am | Last updated: January 18, 2014 at 8:05 am

കല്‍പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഫ് സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിനമത്സരങ്ങള്‍ക്ക് കല്‍പറ്റ എന്‍ എം എസ് എം കോളജില്‍ തുടക്കമായി. 43 ഇനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 118 പോയിന്റ് നേടി ഡബ്ല്യു എം ഒ കോളജ് മുട്ടില്‍ ഒന്നാംസ്ഥാനത്തെത്തി. 97 പോയിന്റ് നേടിയ ബത്തേരി സെന്റ് മേരീസ് കോളജിനാണ് രണ്ടാംസ്ഥാനം.
56 പോയിന്റ് നേടിയ ആതിഥേയരായ കല്‍പറ്റ ഗവ. എന്‍ എം എസ് എം കോളജാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഫോക്ക് ഓര്‍ക്കസ്ട്ര, മോഹിനിയാട്ടം, സ്‌കിറ്റ്, മിമിക്രി, നാടോടിനൃത്തം, മൈമിംഗ്, ഫോക്ഡാന്‍സ്, മലയാളനാടകം, സംഘഗാനം, ക്ലാസിക്കല്‍ ഡാന്‍സ്, മോണോആക്ട്, സംഘഗാനം വെസ്റ്റേണ്‍, ദേശഭക്തിഗാനം, കേരളനടനം, ലളിതഗാനം, സംഗീതഉപകരണങ്ങള്‍, ചെണ്ട, കഥാപ്രസംഗം എന്നീ മത്സരങ്ങളാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. എന്നാല്‍ വൈകുന്നേരം അഞ്ചുമണിയോടെ കേവലം അഞ്ച് മത്സരയിനങ്ങളുടെ ഫലങ്ങള്‍ മാത്രമാണ് പുറത്തുവിടാന്‍ സാധിച്ചത്. വേദി രണ്ടില്‍ രാവിലെ 11 മണിക്ക് നടക്കേണ്ടിയിരുന്ന ക്ലാസ്സിക്കല്‍ നൃത്തമത്സരം ആരംഭിച്ചത് ഉച്ചക്ക് രണ്ട് മണിക്കാണ്.
ഇതേവേദിയില്‍ 12 മണിക്ക് നടക്കേണ്ടിയിരുന്ന മോണോആക്ട് മത്സരം ആരംഭിച്ചത് മൂന്ന് മണിയോടെയാണ്.
വേദി ഒന്നില്‍ രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന നാടന്‍പാട്ട് മത്സരം ആരംഭിച്ചത് ഉച്ചക്ക് ഒന്നരക്കാണ്. സമയക്രമം പാളിയതോടെ കലോത്സവത്തിന്റെ നിറം മങ്ങി. വൈകുന്നേരമായിട്ടും ഏതാനം ചില മത്സരങ്ങളുടെ ഫലങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. മത്സരം നടക്കുന്ന മൂന്ന് വേദികളിലും കാണികളും ശുഷ്‌ക്കമായിരുന്നു.
മത്സരങ്ങളില്‍ പലതും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. നാല് മത്സരാര്‍ഥികള്‍ മാത്രം പങ്കെടുത്ത ശാസ്ത്രീയനൃത്തമത്സരം മികവ് പുലര്‍ത്തിയില്ല.
ഉച്ചക്ക് ശേഷം നടന്ന മോണോ ആക്ട് മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്ത വിഷയം ആവര്‍ത്തനവിരസതയുണ്ടാക്കി. അഭിനയം മറന്ന പല മത്സരാര്‍ഥികളും പേരിന് മാത്രം വേദിയിലെത്തിയവരായി. വയലാറിന്റെ രാവണപുത്രിയും, എന്‍ഡോസള്‍ഫാനും, പെണ്‍പീഡനവുമെല്ലാമായി വേദിയിലെത്തിയ മത്സരാര്‍ത്ഥികള്‍ കാണികളെ വിരസതയിലേക്ക് നയിച്ചു. മോഹിനിയാട്ടമത്സരത്തില്‍ ഡബ്ല്യു എം ഒ കോളജിന്റെ അനുസിതാര പി എസ് ഒന്നാംസ്ഥാനം നേടി. ശാസ്ത്രീയനൃത്തത്തില്‍ ബത്തേരി സെന്റ്‌മേരീസ് കോളജിലെ കവിത ഇ ആര്‍ ഒന്നാംസ്ഥാനം സ്വന്തമാക്കി. സംഘഗാന (ഇന്ത്യന്‍) ത്തില്‍ ബത്തേരി സെന്റ്‌മേരീസ് കോളജിലെ കവിത് സി വിയും ലളിതഗാനമത്സരത്തില്‍ ഡബ്ല്യു എം ഒ കോളജ് മുട്ടിലിലെ ഫാത്തിമ മോഹന്‍ ഒന്നാംസ്ഥാനത്തെത്തി.