അനധികൃത സ്വത്ത് കേസ്: മായാവതിക്ക് നോട്ടീസ്‌

Posted on: January 18, 2014 12:06 am | Last updated: January 18, 2014 at 12:06 am

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബി എസ് പി നേതാവ് മായാവതിക്കും സി ബി ഐക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ഈ കേസ് റദ്ദാക്കി ഒന്നര വര്‍ഷത്തിന് ശേഷമാണ്, പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്ന ഹരജിയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. സാങ്കേതിക കാരണങ്ങളാലാണ് അന്ന് സുപ്രീം കോടതി എഫ് ഐ ആര്‍ റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് പി സദാശിവം നേതൃത്വം നല്‍കിയ ബഞ്ച്, നാലാഴ്ചക്കകം മറുപടി അറിയിക്കാന്‍ മായാവതിക്കും സി ബി ഐക്കും നിര്‍ദേശം നല്‍കി. രാഷ്ട്രീയപ്രേരിതമായാണ് ഈ ഹരജിയെന്ന് കാണിച്ച് മുതിര്‍ന്ന അഭിഭാഷകനും ബി എസ് പിയംഗവുമായ സതീശ് മിശ്ര സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. കൃത്യമായ ഉപദേശം തേടി സി ബി ഐ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുപ്രീം കോടതി ബഞ്ച് ചൂണ്ടിക്കാട്ടി. 2012ല്‍ കേസ് റദ്ദാക്കിയപ്പോള്‍, പുതിയ കേസ് സി ബി ഐക്ക് വേണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സി ബി ഐക്ക് നിര്‍ദേശം നല്‍കുക മാത്രമാണ് കോടതിയുടെ ചുമതലയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അനധികൃത സ്വത്ത് സമ്പാദനത്തിന് മായാവതിക്കെതിരെ പത്ത് വര്‍ഷം മുമ്പാണ് കേസെടുത്തിരുന്നത്.