മുന്‍ പാക് പ്രധാനമന്ത്രിക്കെതിരെ കോടികളുടെ അഴിമതിക്കേസ്‌

Posted on: January 18, 2014 12:04 am | Last updated: January 18, 2014 at 12:04 am

RAJA PRVEZ ASHRAFഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി രാജാ പര്‍വേശ് അശ്‌റഫിനെതിരെ കോടികളുടെ അഴിമതിക്കേസ്. 22 ലക്ഷം കോടിയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. അശ്‌റഫിന് പുറമെ ആറ് പേര്‍ കൂടി കേസിലുണ്ട്. ഊര്‍ജ- വൈദ്യുത മന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരായ പ്രതികള്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. വിചാരണ നടത്തുന്ന ബഞ്ച്, നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ( എന്‍ എ ബി)യില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. വാദം കേള്‍ക്കുന്നത് ഫെബ്രുവരി നാലിനാണ്. തന്നെ അപകീര്‍ത്തിപ്പെടുത്തിയത് അങ്ങേയറ്റം ഖേദകരമാണെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അശ്‌റഫ് പറഞ്ഞു.
പുതിയ കേസ് അദ്ദേഹത്തിന് ‘റെന്റല്‍ രാജ’ എന്ന പേരും നല്‍കിയിട്ടുണ്ട്. 2012- 2013 കാലയളവില്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഒമ്പത് പവര്‍ പ്രൊജക്ട് സ്ഥാപനങ്ങള്‍ക്ക് രാജ്യത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ അശ്‌റഫ് കമ്മീഷന്‍ പറ്റിയെന്നതാണ് കേസ്.