സുരക്ഷാ ഉടമ്പടിയില്‍ അഫ്ഗാന്‍ ഉടനെ ഒപ്പുവെക്കണം; യു എസ്

Posted on: January 18, 2014 12:02 am | Last updated: January 18, 2014 at 12:02 am

വാഷിംഗ്ടണ്‍: ഉഭയകക്ഷി സുരക്ഷാ ഉടമ്പടിയില്‍ ഉടനെ ഒപ്പ് വെക്കണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയോട് യു എസ് ആവശ്യപ്പെട്ടു. സഖ്യമായി മുന്നോട്ടുപോകുന്നതിന് ഒപ്പ് വെക്കുന്നത് വൈകുന്നത് ഭീഷണിയാണെന്നും അമേരിക്ക അഫ്ഗാന് മുന്നറിയിപ്പ് നല്‍കി. ദൗത്യം പൂര്‍ത്തിയാക്കുന്നതിന് സഖ്യ സേ നക്കുള്ള ആത്മവിശ്വാസം ചോര്‍ത്തിക്കളയുന്നതിന് ഒപ്പ് വെക്കല്‍ വൈകുന്നത് കാരണമാകുമെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഉടനെ അന്തിമ തീരുമാനം കൈക്കൊള്ളണെമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍നി പറഞ്ഞു.
ഉഭയകക്ഷി സുരക്ഷാ കരാര്‍ ( ബി എസ് എ) ഒപ്പ് വെക്കാതെ 2014ല്‍ അഫ്ഗാനില്‍ തുടരാന്‍ തടസ്സമുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അഫ്ഗാന്‍ തിരഞ്ഞെടുപ്പിന് ശേഷം ഒപ്പ് വെക്കാമെന്നാണ് അഫ്ഗാന്‍ നേരത്തെ അറിയിച്ചിരുന്നത്. ഇത് അമേരിക്ക അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.