സിന്‍ജിയാംഗില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ചൈനീസ് നീക്കം

Posted on: January 18, 2014 12:01 am | Last updated: January 18, 2014 at 12:00 am

ബീജിംഗ്: ഉയ്ഗൂര്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സിന്‍ജിയാംഗ് പ്രവിശ്യയില്‍ സൈനിക സാന്നിധ്യം കുത്തനെ വര്‍ധിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. മേഖലയില്‍ സര്‍ക്കാര്‍ വിരുദ്ധ തീവ്രവാദ പ്രവര്‍ത്തനം ശക്തമാണെന്നാരോപിച്ചാണ് സിന്‍ജിയാംഗിലേക്കുള്ള പ്രതിരോധ ബജറ്റ് വിഹിതം കൂട്ടാനും അത്യാധുനിക സംവിധാനങ്ങളോടെ കൂടുതല്‍ സൈന്യത്തെ ഇറക്കാനും തീരുമാനിച്ചത്.
വടക്കു പടിഞ്ഞാറന്‍ മേഖലയിലെ പ്രതിരോധ ബജറ്റ് നിര്‍ദേശത്തില്‍ 24 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ മേഖലയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് സര്‍ക്കാര്‍ കുടുയിരുത്തിയ ഹാന്‍ വംശജരാണെന്ന് ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയില്‍ തങ്ങളുടെ സ്വാഭാവിക അധിവാസ കേന്ദ്രങ്ങളില്‍ പിഴുതെറിയാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഹാന്‍ വംശജരുടെ കുടിയേറ്റമെന്നും മേഖലയില്‍ അനാവശ്യ ഉരസലുകള്‍ക്ക് മാത്രമേ പുതിയ നയം വഴി വെക്കുവെന്നും അവര്‍ പറയുന്നു. പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര ഭരണകൂടം പറയുമ്പോള്‍ നേര്‍ വിപരീതമായാണ് പ്രവിശ്യാ ഭരണ നേതൃത്വം പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഇവിടുത്തെ വളര്‍ച്ചാ നിരക്ക് 11 ശതമാനമാണെന്ന് ഗവര്‍ണര്‍ നൂര്‍ ബെക്‌രി പറഞ്ഞു.