കൊച്ചി വിമാനത്താവളത്തില്‍ വിമാന അറ്റകുറ്റപ്പണി കേന്ദ്രം തുടങ്ങുന്നു

Posted on: January 18, 2014 12:41 am | Last updated: January 17, 2014 at 11:43 pm

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ജോര്‍ദാന്‍ കമ്പനിയായ ജുറാന്‍കൊയെ സാങ്കേതിക പങ്കാളിയാക്കിക്കൊണ്ട് വിമാന അറ്റകുറ്റപണി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് കൊച്ചി അന്താരാഷ്ട്ര വിമാനകമ്പനി ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജോര്‍ദാനിലെ ജുറാന്‍കൊ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. വരുമാനം പങ്ക് വെക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ധാരണയായാല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം.
വിമാനത്താവളത്തിന്റെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണോദ്ഘാടനത്തോടനുബന്ധിച്ച് അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് കമ്പനി അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് സംയുക്ത കമ്പനി രൂപവത്കരിച്ചാണ് അറ്റകുറ്റപ്പണി കേന്ദ്രം നടത്തുന്നത്. 51 ശതമാനം ഓഹരി സിയാലിനും ബാക്കിയുള്ള ഓഹരി ജോര്‍ദാന്‍ കമ്പനിക്കും ആയിരിക്കും.
രണ്ട് വര്‍ഷം മുന്‍പ് പണിതീര്‍ന്ന അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വിമാന അറ്റകുറ്റപ്പണി കേന്ദ്രം 32 ഏക്കര്‍ സ്ഥലത്ത് 1.30 ലക്ഷം ചതുശ്ര അടിയില്‍ 42 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. വിമാനങ്ങളുടെ മെയിന്റനന്‍സ്, റിപ്പെയറിംഗ്, പരിശോധന എന്നിവയാണ് ഇവിടെ നടക്കുക.
വിമാന അറ്റകുറ്റപ്പണി കേന്ദ്രം തുടങ്ങുന്നതോടെ കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താനാകും. ആദ്യ ഘട്ടത്തില്‍ എയര്‍ ബസ് വിമാനങ്ങളുടെ അറ്റകുറ്റ പണിക്കാണ് പ്രാധാന്യം നല്‍കുന്നത്. എ 319, എ 320, എ 321 വിമാനങ്ങളുടെയും ഈ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന വി 2500, സി എഫ് എം 56 എന്‍ജിനുകളുടെയും പരിശോധനയും അറ്റകുറ്റപ്പണികളും നടത്താന്‍ കൊച്ചിയില്‍ സംവിധാനമായിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നും അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് ലിങ്ക് പാത ഒരുക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന വിമാനക്കമ്പനികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് എയര്‍ബസ് വിമാനങ്ങളായതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ എയര്‍ബസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.
വിമാനങ്ങളുടെ ബാറ്ററി എവിയോണിംഗ്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റ്‌സ്, സീറ്റ് റിപ്പയറിംഗ്, ഷീറ്റ്‌മെറ്റല്‍, കോമ്പോസിറ്റ് റിപ്പയര്‍ തുടങ്ങിയവക്കായി പ്രത്യേകം വര്‍ക് ഷോപ്പുകള്‍ ഇവിടെ ഉണ്ട്. എയര്‍ബസ് എ 320, ബോയിംഗ് 737 വിഭാഗങ്ങളില്‍പ്പെട്ട രണ്ട് വിമാനങ്ങളുടെയോ നാല് ചെറുവിമാനങ്ങളുടെയോ സര്‍വീസ് ഒരേ സമയം നടത്താം. വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനങ്ങളുടെ അറ്റകുറ്റപ്പണി ഇവിടെ നടത്താന്‍ കഴിയും. കൂടാതെ വിദേശക്കമ്പനികളെകൂടി ആകര്‍ഷിക്കുന്നതിന് വിമാനത്താവളക്കമ്പനി അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യക്കും ജെറ്റ് എയര്‍വേസിനും മാത്രമാണ് സ്വന്തമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ സൗകര്യമുള്ളത്. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം കമ്പനികളും രാജ്യത്തിന് പുറത്താണ് വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നത്. ഇത് മൂലം വിമാനകമ്പനികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതകള്‍ വരുന്നുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് വിമാന അറ്റകുറ്റപ്പണി കേന്ദ്രം വരുന്നതോടെ കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക ലാഭം ഉണ്ടാകും.