മീലാദ് സമ്മേളനം നാളെ

Posted on: January 18, 2014 12:01 am | Last updated: January 19, 2014 at 7:24 am

കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട്ടെ കടപ്പുറത്ത് പുത്തന്‍ ഇതിഹാസം രചിക്കാനുള്ള മീലാദ് മഹാസംഗമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. പ്രവാചക പ്രകീര്‍ത്തനങ്ങളുമായി ജനലക്ഷങ്ങളുടെ സംഗമത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. വിശ്വാസദാര്‍ഢ്യത്തോടെയുള്ള സംഘ ശക്തിയുമായി ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ വന്‍ ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. എസ് വൈ എസ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായ സമ്മേളനങ്ങളില്‍ ഒന്നായി മാറാന്‍ പോകുന്ന മീലാദ് കോണ്‍ഫറന്‍സിന് നാടെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നിരവധി സമ്മേളനങ്ങള്‍ക്ക് വേദിയായ കോഴിക്കോട് കടപ്പുറം സമസ്ത അറുപതാം വാര്‍ഷികത്തിന് ശേഷം ഇന്നേവരെ ദര്‍ശിക്കാത്ത ജനസാഗരത്തിനാവും നാളെ സാക്ഷിയാകുക.
സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി പ്രത്യേക ജാഥകള്‍ പലയിടങ്ങളിലും നടന്നിരുന്നു. ഇന്നലെ പള്ളികളില്‍ ജുമഅക്ക് ശേഷം സമ്മേളന വിളംബരം നടത്തി ഖതീബുമാരുടെ പ്രഭാഷണങ്ങള്‍ നടന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്‍മാരും എത്തിയിട്ടുണ്ട്.