ലക്ഷങ്ങളുടെ എ ടി എം തട്ടിപ്പ്; ഉത്തരേന്ത്യന്‍ സ്വദേശികളുടെ ചിത്രം പുറത്തുവിട്ടു

Posted on: January 18, 2014 12:25 am | Last updated: January 17, 2014 at 11:25 pm

തിരുവനന്തപുരം: എസ് ബി ഐ, എസ് ബി ടി ബേങ്കുകളുടെ എ ടി എമ്മുകള്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. എ ടി എം മെഷീന്‍ തകരാറിലാക്കി തട്ടിപ്പ് നടത്തിയ രണ്ടംഗ ഉത്തരേന്ത്യന്‍ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. എ ടി എമ്മിനുള്ളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ഉത്തരേന്ത്യന്‍ സ്വദേശികളുടെ ചിത്രം പോലീസ് പുറത്തു വിട്ടു.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള എ ടി എമ്മുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടുള്ളത്. പട്ടം, റെയില്‍വേ സ്റ്റേഷന്‍, കവടിയാര്‍, വഞ്ചിയൂര്‍ എന്നിവിടങ്ങളിലെ എ ടി എമ്മുകളില്‍ നിന്നാണ് പ്രധാനമായി പണം നഷ്ടപ്പെട്ടിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ എ ടി എം മെഷീനുകളുള്ള സെന്ററുകളാണ് കവര്‍ച്ചക്കാര്‍ തിരഞ്ഞെടുത്തിരുന്നത്. രണ്ട് മെഷീനുകള്‍ ഉള്ള സ്ഥലത്ത് ഒരെണ്ണം തകരാറിലാക്കിയാണ് കവര്‍ച്ച നടത്തുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനായെത്തിയ ഉപഭോക്താവിന് നഷ്ടപ്പെട്ടത് ഇരുപതിനായിരം രൂപയാണ്. എ ടി എമ്മിലെ ഒരു കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രണ്ടാമത്തെ കൗണ്ടറില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ച് ട്രെയിനില്‍ കയറിയപ്പോള്‍ അക്കൗണ്ടില്‍ നിന്ന് ഇരുപതിനായിരം രൂപ പിന്‍വലിക്കപ്പെട്ടതായുള്ള സന്ദേശം മൊബൈലില്‍ ലഭിച്ചു. ഉടന്‍ തന്നെ വിവരം ബേങ്കിനെ അറിയിച്ചിട്ടുണ്ട്. പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ ഉത്തരേന്ത്യക്കാരായ യുവാക്കളില്‍ ഒരാള്‍ എ ടി എമ്മിനുള്ളിലും ഒരാള്‍ പുറത്തും നില്‍പ്പുണ്ടായിരുന്നുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നാണ് ഉപഭോക്താവ് പറയുന്നു. പണം നഷ്ടപ്പെട്ട ഉപഭോക്താക്കള്‍ അതാത് ബേങ്ക് ബ്രാഞ്ചുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.