Connect with us

Gulf

സാമ്പത്തിക ഇടപാടുകളിലെ സുതാര്യത: ഒമാന്‍ കമ്പനികള്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നു

Published

|

Last Updated

മസ്‌കത്ത് : സാമ്പത്തിക ഇടാപാടുകളിലും ബിസിനസ് രംഗത്തും സുതാര്യത ഉറപ്പു വരുത്തുന്നതിനും നിയമ വിരുദ്ധവും ക്രമരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിനും രാജ്യത്തെ കമ്പനികള്‍ ജാഗ്രത്താവുന്നു. അഴിമതി, കൈക്കൂലി കേസുകളില്‍ ഉന്നതുരുള്‍പെടെ പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ വിചാരണ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നീക്കങ്ങളെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ പ്രമുഖ എണ്ണ കമ്പനിയായ ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി കഴിഞ്ഞ ദിവസം കോര്‍പറേറ്റ് കോഡ് ഓഫ് എത്തിക്‌സ് അവതരിപ്പിച്ചു. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യത ഉറപ്പു വരുത്തുന്നതാണ് ഈ പെരുമാറ്റച്ചട്ടം. രാജ്യത്തെ എണ്ണ-വാതക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രധാന കമ്പനിയായ ഒമാന്‍ ഓയില്‍ കമ്പനിയുടെ ആധികാരികതയും സുതാര്യതയും ഉറപ്പു വരുത്താന്‍ ഇതുവഴി കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
അടുത്ത പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയാറാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പെരുമാറ്റച്ചട്ടം. ജീവനക്കാര്‍ക്കായുള്ള പുതിയ മാര്‍ഗനിര്‍ദേശ പുസ്തകം കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കമ്പനി ബോര്‍ഡ് മെമ്പര്‍ അസില ബിന്‍ത് സാഹിര്‍ അല്‍ ഹാരിതി പ്രകാശനം ചെയ്തു. കഴിഞ്ഞ പത്തു വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തന മികവന്റെ കാരണം വൈകല്യങ്ങളില്ലാതെ മുന്നോട്ടു പോകാനായി എന്നതാണെന്ന് സി ഇ ഒ ഉമര്‍ ബിന്‍ അഹ്മദ് സലിം ഖതാന്‍ പറഞ്ഞു. അഴിമതിക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കുമെതിരെ രാജ്യം സ്വീകരിച്ചു വരുന്ന ശക്തമായ നടപടികളോട് ചേര്‍ന്നു തന്നെയാണ് സ്ഥാപനങ്ങളും സുതാര്യതാ നയം പ്രഖ്യാപിക്കുന്നതും സ്വീകരിക്കുന്നതും. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികള്‍ നയപ്രഖ്യാപനം നടത്തി രംഗത്തു വരുമെന്നാണ് പറയപ്പെടുന്നത്.

 

Latest