ഫുട്‌ബോളറെ നിര്‍ണയിക്കുന്നത് ചിട്ടയായ പരിശീലനവും കഠിനാധ്വനവും: പെലെ

Posted on: January 17, 2014 8:19 pm | Last updated: January 17, 2014 at 8:19 pm

peleദുബൈ: ഫുട്‌ബോളറെ നിര്‍ണയിക്കുന്നത് ചിട്ടയായ പരിശീലനവും കഠിനാധ്വാനവുമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. കൂട്ടായ്മയുടെ കളിയാണ് ഫുട്‌ബോള്‍. ആര് ഗോള്‍ അടിക്കുന്നു എന്നതിനല്ല പ്രാധാന്യം. ടീം എത്രമാത്രം ഒത്തൊരുമിച്ച് കളിച്ചുവെന്നതിലാണ്. ലോക കപ്പ് ഫുട്‌ബോള്‍ മത്സരം എല്ലാ അര്‍ഥത്തിലും പ്രയാസമേറിയതാണെന്നാണ് സ്വന്തം അനുഭവം. പെലെയെ ഗ്ലോബല്‍ അംബാസഡറായി നിയമിച്ചതിനെക്കുറിച്ചും എമിറേറ്റ്‌സ് എയല്‍ലൈന്‍ ഫിഫയുടെ ഓദ്യോഗിക പങ്കാളിയാവുന്നത് വെളിപ്പെടുത്താനും എമിറേറ്റ്‌സ് അധികൃതര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തില്‍ ഊന്നിയതും പ്രതിരോധത്തില്‍ അധിഷ്ഠിതവുമായ ഒരു തന്ത്രത്തിനാവും ബ്രസീല്‍ ടീം തയ്യാറാവുക. മധ്യനിരയും പിന്‍നിരയും പ്രതിരോധത്തിലൂന്നുന്നതും മുന്നേറ്റ നിര ആക്രമിച്ചു കൡക്കുന്നതുമായ ഒരു കളിയാണ് ബ്രസീലില്‍ നിന്നും ഫിഫ വേള്‍ഡ് കപ്പില്‍ ലോകം പ്രതീക്ഷിക്കേണ്ടത്. എല്ലാവര്‍ക്കും എല്ലാ കാലത്തും ഫോം നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല.
ബാഴ്‌സിലോണക്ക് കളിക്കുമ്പോഴുള്ള മാനസികാവസ്ഥയാവില്ല മെസ്സി രാജ്യത്തിനായി കളിക്കുമ്പോള്‍. അതില്‍ ദേശീയതയെന്ന ആവേശം കൂടി കളിക്കാരനെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും. എത്ര മികച്ച കളിക്കാരനായാലും ആയാള്‍ക്ക് ലഭിക്കുന്ന പരിശീലനം ഒരു പ്രധാന ഘടകമാണ്. നല്ലൊരു കളിക്കാരനെ വാര്‍ത്തെടുക്കുന്നതില്‍ പ്രതിഭക്കൊപ്പം മികച്ച പരിശീലനത്തിനും വ്യക്തമായ പങ്കുണ്ട്.
എല്ലാ രംഗത്തുമെന്നപോലെ സാങ്കേതിക വിദ്യ, ഫുട്‌ബോളിനെയും മികവുറ്റതാക്കുന്നതില്‍ നല്ലതാണെങ്കിലും ഇതിലൂടെ സൃഷ്ടിക്കാവുന്നതല്ല മികച്ച കളിക്കാരനെ, അതിന്റെ അടിസ്ഥാനം എന്നും പ്രതിഭയായിരിക്കും. അത് ഒരു കാലത്തും മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പെലെ വ്യക്തമാക്കി. കളിക്കളത്തില്‍ ഇറങ്ങിയാല്‍ പൊരുതുക മാത്രമാണ് ഏത് കളിക്കാരന്റെയും പ്രഥമ കര്‍ത്തവ്യം. ഇതിനിടയില്‍ ആരിലൂടെയും എതിര്‍ ടീമിന്റെ വല ചലിപ്പിക്കപ്പെടാം.
സ്‌ട്രൈക്കര്‍മാര്‍ക്ക്് ഇതിനായി മികച്ച പരിശീലനം ലഭിക്കുന്നതിനാല്‍ അവര്‍ കളിക്കളത്തില്‍ തിളങ്ങും. എത്ര മികച്ച താരമായാലും ഒറ്റക്ക് ഗോള്‍ അടിക്കാന്‍ സാധിക്കണമെന്നില്ല. ഫുട്‌ബോളിനെ മറ്റ് കളികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് കളിക്കളത്തില്‍ താരങ്ങള്‍ കാണിക്കുന്ന മാന്ത്രികതയും അവസാന നിമിഷം വരെ അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ്.
പല കാലത്തും പല ടീമുകളും മികച്ച ഫോമില്‍ വരാറുണ്ട്. ബ്രസീലിനൊപ്പം അര്‍ജന്റിന, ഇറ്റലി, ജര്‍മനി, ഇംഗ്ലണ്ട് എന്നിവയെല്ലാം പല കാലത്തും മികവിന്റെ ഔന്നിത്യത്തില്‍ എത്തായിട്ടുണ്ട്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ വര്‍ഷത്തിലെ മികച്ച ഫുട്‌ബോളറായത് പ്രതിഭക്കുള്ള അംഗീകാരമാണ്. കളിക്കളത്തില്‍ അദ്ദേഹം കാണിക്കുന്ന ചടുലതും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന മനോഹാരിതയും. മറ്റു കളിക്കാരില്‍ അതേ അളവില്‍ കാണാനാവില്ല. മെസ്സി ഉള്‍പ്പെടെയുള്ള ഒരുപാട് മികച്ച കളിക്കാര്‍ നമുക്കുണ്ട്. 16 കാരനായ മകന്‍ ബുട്ട് കെട്ടി തുടങ്ങിയതായും പെലെ വെളിപ്പെടുത്തി. ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോയെന്ന ചോദ്യത്തിന്, ഫുട്‌ബോളും സമാധാനവുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പെലെ.
1973ല്‍ ആദ്യമായി എത്തിയ ദുബൈ നഗരത്തെ എങ്ങും കാണാനായില്ല. നഗരം അല്‍ഭുതപ്പെടുത്തുന്ന മാറ്റത്തിനാണ് സാക്ഷിയായിരിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി ഈ പട്ടണം മാറിയതില്‍ സന്തോഷമുണ്ടെന്നും പെലെ പറഞ്ഞു. എമിറേറ്റ്‌സ് ഇത് രണ്ടാം തവണയാണ് ഫിഫ വേള്‍ഡ് കപ്പുമായി സഹകരിക്കുന്നതെന്ന് എമിറേറ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ശൈഖ് അല്‍ മുഅല്ല വ്യക്തമാക്കി. 17ാം വയസില്‍ ലോക കപ്പ് നേടിയ ടീമിലെ അംഗമായിരുന്നു പെലെയെന്നും മൂന്നു തവണ ലോക കപ്പ് നേടിയ ടീം അംഗമെന്ന അംഗീകാരം പെലെക്ക് മാത്രം അവകാശപ്പെട്ടതാണ്.
2006 ഫിഫ വേള്‍ഡ് കപ്പ് സമയത്ത് കാമ്പയിനായി ഫ്രാന്‍സിസ് ബെക്കനെ ആയിരുന്നു കമ്പനി ഗ്ലോബല്‍ അംബാസഡറായി നിയമിച്ചത്. 1973ലാണ് പെലെ ആദ്യമായി യു എ ഇ സന്ദര്‍ശിക്കുന്നത്. പെലെ അംഗമായ സാന്റോസ് അല്‍ നാസര്‍ ക്ലബ്ബുമായി കളിച്ചപ്പോഴായിരുന്നുവെന്നതും ശൈഖ് അല്‍ മുഅല്ല അനുസ്മരിച്ചു. എമിറേറ്റ്‌സ് പബ്ലിക്ക് റിലേഷന്‍സ് വൈസ് പ്രസിഡന്റ് വലേറി ടാന്‍ സംസാരിച്ചു.