അമിതവണ്ണം നിയന്ത്രിക്കാന്‍ ജീവിതശൈലി മാറണം

Posted on: January 17, 2014 8:13 pm | Last updated: January 17, 2014 at 8:13 pm

ദുബൈ: ലോക രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന അമിതവണ്ണമെന്ന ആരോഗ്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജീവിത ശൈലി മാറ്റാന്‍ വ്യക്തികള്‍ തയ്യാറാവണമെന്ന് വിദഗ്ധര്‍. സുലേഖ ആശുപത്രിയില്‍ ഇന്നലെ സംഘടിപ്പിച്ച അമിത വണ്ണത്തെ നിയന്ത്രിക്കേണ്ടതുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിലാണ് വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമിത വണ്ണം രക്തസമ്മ ര്‍ദം, പ്രമേഹം, ഹൃദ്‌രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് വഴി തുറക്കുന്നതാണെന്ന് സുലേഖ ആശുപത്രിയിലെ സ്‌പെഷലിസ്റ്റ് ലാപ്രോസ്‌കോപിക് ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ടി സതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഹോസ്പിറ്റല്‍ ജീവനക്കാരില്‍ 25 പേരുടെ തൂക്കം പരിശോധിച്ചപ്പോള്‍ 80 ശതമാനവും അമിത വണ്ണക്കാരായിരുന്നു. ഈ രോഗാവസ്ഥക്ക് എതിരായി എന്തെങ്കിലും ചെയ്യണമെന്ന തിരിച്ചറിവാണ് ഇത്തരം ഒരു സെമിനാറിന് കാരണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ അമിതവണ്ണത്തിന് ഇടയാക്കുന്ന ഡയറ്റ് പെപ്‌സി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഈടാക്കുന്നതും ഡോ. സതീഷ് അനുസ്മരിച്ചു.
ഭക്ഷണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമായ വ്യായാമം ശീലമാക്കിയും മാത്രമേ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കൂവെന്ന് സെമിനാറില്‍ സംസാരിച്ച ഡോ. മുര്‍ത്തസ പിത്ത്‌വാല പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണം ഏവരും ശീലമാക്കണം.
എപ്പോഴും ദേഹം ഇളകുന്ന എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിന്റെ ഭാഗമായി ശസ്ത്രക്രിയയിലുടെ ഭാരം കുറച്ച രോഗികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഡോ. സുലേഖ ദൗദ്, ഡോ. ഹുസൈന്‍ അള്‍ട്രബുള്‍സി, ഡോ. ശംസാന്‍ സംസാരിച്ചു.