പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാന്‍ വോട്ടവകാശം നിര്‍ണായകം: ഡോ. ശംസീര്‍

Posted on: January 17, 2014 8:12 pm | Last updated: January 17, 2014 at 8:12 pm

ദുബൈ: പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവാന്‍ വോട്ടവകാശം നിര്‍ണായക ഘടകമാണെന്ന് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ സി ഇ ഒയും പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുമായ ഡോ. ശംസീര്‍ വയലില്‍. ഇന്ത്യന്‍ മീഡിയ ഫോറം(ഐ എം എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഈ വര്‍ഷം യു എ ഇയില്‍ നിന്നും അവാര്‍ഡ് ലഭിച്ച ഏക വ്യക്തിയും ഈ ബഹുമതിക്ക് അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുമായ ശംസീര്‍.
വോട്ടവകാശം പോലുള്ള പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരമാണ് ഉണ്ടാവേണ്ടത്. ഇതിനായി എല്ലാ വിഭാഗവും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടിയിരിക്കുന്നു. ലോകം ദിനേന മാറ്റങ്ങളാല്‍ സമൃദ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രത്യേകിച്ചു ആരോഗ്യ മേഖല. ആരോഗ്യ മേഖലയിലും നാള്‍ക്കുനാള്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. മികച്ച ഗവേഷണ സ്ഥാപങ്ങളുടെ കാര്യത്തില്‍ യു എ ഇക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട്.
എവിടെ അവസരം ലഭിക്കുന്നുവോ അവിടെ പോയി സ്ഥാപനങ്ങള്‍ സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ഗുണമേന്‍മയുടെയുള്ള ആരോഗ്യ സംവിധാനമെന്നത് ഇന്ത്യയില്‍ ഇനിയും പ്രാവര്‍ത്തികമാകേണ്ടിയിരിക്കുന്നു. ഇന്‍ഷൂറന്‍സ് കമ്പനികള്‍ തമ്മിലുള്ള മത്സരം മികച്ച സേനവം ലഭ്യമാവുമെന്നതിനാല്‍ നല്ലതാണ്. മികച്ച ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്ല സേവനവുമാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഇതിന് തയ്യാറുള്ള ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ആതുര സേവന സ്ഥാപങ്ങള്‍ക്കും ലോകത്ത് അവസരങ്ങള്‍ നിരവധിയാണ്.
ഗ്രൂപ്പിന് കീഴില്‍ ഇന്ത്യയിലും ഗള്‍ഫ് ഉള്‍പ്പെട്ട വിദേശ രാജ്യങ്ങളിലുമായി 5,000 കിടക്കകള്‍ എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്. നിലവില്‍ 1,500 കിടക്കകളേയുള്ളൂ. അടുത്ത അഞ്ചു വര്‍ഷത്തിനകം ഇത് 5,000ല്‍ എത്തിക്കാനാണ് പദ്ധതി. ഒന്നര വര്‍ഷത്തിനകം അബുദാബിയില്‍ 350 കിടക്കകളുള്ള ഓങ്കോളജി ആശുപത്രിയാണ് ഗ്രൂപ്പിന്റെ അടുത്ത ലക്ഷ്യം. കോഴിക്കോട്ടും തിരുവനന്തപുരത്തും ആശുപത്രികള്‍ സ്ഥാപിക്കും.
കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കൂടുതല്‍ ഗവേഷണ സ്ഥാപനങ്ങള്‍ വരണം. മരുന്നു നിര്‍മാണ രംഗം ആഗോളതലത്തില്‍ കടുത്ത മത്സരം നേരിടുന്ന കാലമാണ്. മികച്ച രീതിയില്‍ ഉല്‍പ്പാദനവും വിപണനവും മറ്റുള്ളവയോട് മത്സരിക്കാവുന്ന വിലയുമാണ് ഈ രംഗത്ത് പിടിച്ചുനില്‍ക്കാനും മുന്നേറാനും വേണ്ടത്. ജബല്‍ അലിയില്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു നിര്‍മാണ യൂണിറ്റില്‍ 200 പേര്‍ ജോലി എടുക്കുന്നുണ്ടെന്നും ഫോബ്‌സിന്റെ മികച്ച 100 വ്യവസായികളുടെ പട്ടികയില്‍ ഇടംപിടിച്ച ശംസീര്‍ വെളിപ്പെടുത്തി. ജീവിത ശൈലീ രോഗങ്ങള്‍ എല്ലാ രാജ്യക്കാര്‍ക്കിടയിലും ഏറി വരികയാണ്. ഇതിന് തടയിടാന്‍ ജീവിത ശൈലി മാറ്റാന്‍ മലയാളി ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാവണം. പ്രവാസി ഭാരതീയ അവര്‍ഡുമായ ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വിവാദങ്ങളെ ക്രിയാത്മകമായ കാണുന്നുവെന്നും ഷംസീര്‍ പറഞ്ഞു.
ഐ എം എഫ് പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ ജനറല്‍ സെക്രട്ടറി റോണി എം പണിക്കര്‍ പങ്കെടുത്തു.