Connect with us

Kerala

ടി പി കേസിന്റെ വിധി: വടകരയിലും നാദാപുരത്തും നിരോധനാജ്ഞ

Published

|

Last Updated

കോഴിക്കോട്: ടിപി വധക്കേസ് വിധിക്ക് മുന്നോടിയായി വടകരയിലും നാദാപുരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫോണ്‍ ഉപയോഗത്തില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള ആറ് പേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ടിപി ചന്ദ്രശേഖരന്‍ വധകേസിലെ വിധി പ്രഖ്യാപനം ജനുവരി 22ന് വരാനിരിക്കെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ജില്ലയില്‍ ഒരുക്കുന്നത്.

അനിഷ്ട സംഭവങ്ങളും അക്രമ സംഭവങ്ങളും ഉണ്ടാകാതിരിക്കാനുളള മുന്‍ കരുതലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കണ്ണൂര്‍ റെയ്ഞ്ച് ഐജി സുരേഷ് രാജ് പുരോഹിതിന്റെയും ഉത്തര മേഖല എഡിജിപി എന്‍ ശങ്കരറെയ്ഡിയുടെയും അധ്യക്ഷതയില്‍ വടകരയില്‍ യോഗം ചേര്‍ന്നു. എസ്‌ഐമാര്‍ മുതല്‍ മുകളിലേക്കുളള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് മുന്‍കരുതല്‍ നടപടിയായി വടകര, നാദാപുരം സബ്ഡിവിഷനു കീഴിലുളള പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനമായത്.