കളിമുഴക്കങ്ങള്‍ക്ക് കാതോര്‍ത്ത് കോഴിക്കോട്‌

Posted on: January 17, 2014 1:04 pm | Last updated: January 17, 2014 at 1:04 pm

കോഴിക്കോട് : നീണ്ട ഇടവേളക്ക് ശേഷം കളിയാരവങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കോഴിക്കോട്ടെ കായിക പ്രേമികള്‍. ദേശീയ ഗെയിംസിന് വേണ്ടി 2009ല്‍ ഒരുങ്ങിത്തുടങ്ങിയ നഗരത്തിലെ സ്റ്റേഡിയത്തില്‍ ഒന്നിന് പുതുജീവന്‍ ലഭിച്ച ആഹ്ലാദത്തോടൊപ്പം അവഗണനയും ആരവങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.
കളിയരങ്ങിനായുള്ള ഒരുക്കത്തില്‍ ആദ്യ സ്ഥാനം നേടിയത് വി കെ കൃഷ്ണമേനോന്‍ സ്റ്റേഡിയമാണ്. നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഈ മാസം 26ന് നിര്‍വഹിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി പറഞ്ഞു. 2010ല്‍ നടക്കുമെന്ന് പറഞ്ഞ ദേശീയ ഗെയിംസിന് ഒരുങ്ങിത്തുടങ്ങിയ സ്റ്റേഡിയം മൂന്നര വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ മാസം അവസാനം നടക്കുന്ന സൗത്ത് സോണ്‍ തായ്ക്വാന്‍ഡോ മത്സരത്തോടെയാകും വീണ്ടും മത്സരങ്ങളുടെ ആരവങ്ങളില്‍ മുങ്ങുക.
ദേശീയ ഗെയിംസില്‍ നാല് മത്സരങ്ങളാണ് ജില്ലയില്‍ അരങ്ങേറുന്നത്. ഫുട്‌ബോള്‍ മത്സരങ്ങള്‍ കോര്‍പറേഷന്‍, മെഡിക്കല്‍ കോളജ് സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളിലും വോളിബോള്‍, സെപക്താക്രെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബീച്ച് വോളിബോള്‍ ബീച്ചിലും നടക്കും.
രാജ്യാന്തര നിലവാരത്തിലാണ് വി കെ കൃഷ്ണമേനോന്‍ സ്റ്റേഡിയം നവീകരിച്ചത്. മാപ്പിള്‍ വുഡ് കൊണ്ട് നിര്‍മിച്ച പ്രതലമാണ് മുഖ്യ ആകര്‍ഷണം. 40 മീറ്റര്‍ വീതിയും 35 മീറ്റര്‍ നീളവുമുള്ള പ്രതലം, വെളിച്ച ക്രമീകരണത്തിനായി 150 ഓളം ലൈറ്റുകള്‍, 36 പുതിയ എക്‌സ്വോസ്റ്ററുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിനുള്ളിലെ ശബ്ദക്രമീകരണത്തിനായി എക്കോസ്റ്റിക്, ശീതികരിച്ച കോണ്‍ഫറന്‍സ് ഹാള്‍, 5000ത്തോളം കാണികളെ ഉള്‍ക്കൊള്ളുന്ന പവലിയന്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം 2010ല്‍ ദേശീയ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഏറ്റെടുത്തു. നിലവിലുള്ള നവീകരങ്ങള്‍ക്ക് പുറമെ വോളി, ബാസ്‌കറ്റ്, ഹാന്‍ഡ് ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കി നഗരത്തിന്റെ കായിക കുതിപ്പിന് വേഗം കൂട്ടാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

സ്റ്റേഡിയങ്ങളില്‍ അവഗണനയുടെ ഇരമ്പം

ഒരുഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കായിക മത്സരങ്ങളെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മറുഭാഗത്തിന് അവഗണനയുടെ പഴയമുഖം. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന കോര്‍പറേഷന്‍, മെഡിക്കല്‍ കോളജ് സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണിക്കാണ് ഒച്ചിയഴല്‍ വേഗത.

മൈതാനമൊരുക്കല്‍, റോഡ് നിര്‍മാണം, പുല്‍ത്തകിടി, പവലിയിന്‍ സ്റ്റാന്‍ഡ്, ഗാലറി, വി ഐ പി-വി വി ഐ പി ലോഞ്ച്, പാര്‍ക്കിംഗ്, ഡ്രസ്സിംഗ്, മെഡിക്കല്‍ റൂമുകള്‍ എന്നിവയാണ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കാനുള്ളവ. വേഗക്കുറവ് മാത്രമല്ല, നിര്‍മാണ പ്രവൃത്തികളിലെ അപാകവും കോര്‍പറേഷന്‍ സ്റ്റേഡിയത്തെ വേട്ടയാടുന്നുണ്ട്. നിര്‍മാണത്തിനിടെ രണ്ട് തവണ പവലിയന്‍ സ്റ്റാന്‍ഡ് തകര്‍ന്നുവീണത് അതിന് തെളിവാണ്. സ്റ്റേഡിയത്തിലെ പ്രവൃത്തികള്‍ക്ക് 19 കോടിയിലധികം രൂപയാണ് വകയിരുത്തിയത്. 2009ല്‍ സര്‍ക്കാറിന് വിട്ടുകൊടുത്ത മെഡിക്കല്‍ കോളജ് ഗ്രൗണ്ടാണ് പ്രവര്‍ത്തനങ്ങളിലെ പാളിച്ചമൂലം ഉപയോഗശൂന്യമാകുന്നത്.
വടക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയ, സംസ്ഥാന സര്‍വകലാശാല മത്സരങ്ങള്‍ നടന്ന ഗ്രൗണ്ടിന്റെ ശനിദശ ആരംഭിച്ചത് ദേശീയ ഗെയിംസിനോടനുബന്ധിച്ച പണി തുടങ്ങിയതോടെയാണ്. ദേശീയ ഗെയിംസിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് പണിയാന്‍ തീരുമാനിച്ചത്. ഇതിനായി മുംബൈ കേന്ദ്രമായുള്ള ഗ്രിഫോ ണ്‍സ് ഇന്ത്യാ ഏജന്‍സിയുമായി സര്‍ക്കാര്‍ നേരിട്ട് കരാര്‍ ഉണ്ടാക്കുകയും പണിതുടങ്ങുകയും ചെയ്തു. ആധുനിക ജിംനേഷ്യം, ഡോര്‍മെറ്ററി, ഡ്രസിംഗ് റൂം, ടോയ്‌ലറ്റ്, താമസ സൗകര്യങ്ങള്‍, മീഡിയാ റൂം തുടങ്ങിയ സൗകര്യങ്ങളോടൊപ്പം സ്റ്റേഡിയത്തിനടുത്തുതന്നെ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനും തീരുമാനമായി. ഇതിനായി 15കോടി രൂപ വകയിരുത്തി. 6 കോടി ചെലവാക്കിയിട്ടും 60 മീറ്റര്‍ നീളമുള്ള പവലിയനും ഗാലറിയും സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റ്യൂട്ടിന്റെ കെട്ടിടം പണിയും മാത്രമാണ് പൂര്‍ത്തിയായത്. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച് തുടങ്ങിയ പ്രവൃത്തി മൂന്നര വര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല.
സ്റ്റേഡിയത്തിനു പുറമെ ഗ്രൗണ്ടിന്റെ പ്രധാന ഭാഗത്ത് കിഴക്കുവശത്തായി ഒരു പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച ഹെലിപാഡുണ്ട്. ഇതിനടുത്താണ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ടും സ്റ്റേഡിയവും വന്നതോടെ ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാനാവാത്തതിനാല്‍ ഹെലിപ്പാഡ് ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. എം ബി ബി എസ്, ഡെന്റല്‍, നഴ്‌സിംഗ്, പാരമെഡിക്കല്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും 3000ത്തോളം വരുന്ന കുട്ടികളുടെ ആശ്രയമായ കളിസ്ഥലമാണിത്. ഗ്രൗണ്ട് ഉപയോഗശൂന്യമായതിനാല്‍ മൂന്നര വര്‍ഷമായി കോളജിന്റെ വാര്‍ഷിക അത്‌ലറ്റിക്‌സ്, കായിക മത്സരങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. പല നിര്‍മാണ പ്രവൃത്തികളും നിര്‍മാണത്തിലെ പാളിച്ചമൂലം പൂര്‍ത്തിയാക്കാനകാത്ത വിധത്തിലാണ്. ഇതുമൂലം മുക്കാല്‍ കോടിയോളം രൂപ പാഴായി. അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ ടര്‍ഫും സിന്തറ്റിക് ട്രാക്കുമെല്ലാം നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാം വാക്കിലൊതുങ്ങി.
2010ല്‍ നടത്താന്‍ തീരുമാനിച്ച ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്കായി നാല് വേദി അനുവദിച്ചതില്‍ ചേവായൂര്‍ ലെപ്രസിക്ക് സമീപം അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയവും ആദ്യം ഇടം പിടിച്ചിരുന്നു. ഇതിനായി 35 കോടി രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി. എന്നാല്‍ എസ്റ്റിമേറ്റ് എടുക്കുന്നതിലെ അപാകവും കൃത്യമായ നേതൃത്വമില്ലാത്തതും സ്റ്റേഡിയത്തിന്റെ സാധ്യതക്ക് വിനയായി. നിര്‍മാണ പ്രവൃത്തികളില്‍ കൃത്യമായ മോണിറ്റിംഗ് സംവിധാനമില്ലാത്തതാണ് പല പ്രവൃത്തികളെയും കാലതാമസമെന്ന ഭൂതം പിടികൂടാനിടയാക്കിയത്.
കരാര്‍ നല്‍കുന്നതിലെ അപകാതയെക്കാള്‍ ഉപ കരാറുകാര്‍ക്ക് കരാര്‍ തുക കൃത്യസമയത്തിന് ലഭിക്കാത്തതും കാലതാമസത്തിന് ആക്കം കൂട്ടി.