മണല്‍ വാരല്‍ നിരോധം മാസം പിന്നിടുന്നു; തൊഴിലാളികള്‍ പട്ടിണിയിലേക്ക്‌

Posted on: January 17, 2014 1:01 pm | Last updated: January 17, 2014 at 1:01 pm

പട്ടാമ്പി: മണല്‍വാരല്‍ നിരോധം ഒരു മാസം പിന്നിട്ടതോടെ മണല്‍ മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികള്‍ പട്ടിണിയിലേക്ക്. നിരോധം മറികടക്കാനുള്ള നീക്കങ്ങള്‍ വിജയം കാണാത്തതാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്. പാരിസ്തിഥിക പ്രശ്‌നങ്ങള്‍ ചുണ്ടിക്കാണിച്ച് ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ആണ് കഴിഞ്ഞ മാസം മുതല്‍ മണല്‍വാരല്‍ നിരോധിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അത് വരെ മണല്‍വാരല്‍ നിരോധിക്കണമെന്നുമാണ് ട്രൈബ്യൂണല്‍ വിധി.
കേരളം ഉള്‍പ്പെടെ കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകളെയാണ് ഉത്തരവ് സമ്മര്‍ദ്ദത്തിലാക്കിയത്. കഴിഞ്ഞ ആഗസ്ത് 29ലെ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റ ഉത്തരവിനെ തുടര്‍ന്നാണ് മണല്‍വാരുന്നതിന് നിയന്ത്രണം വന്നത്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള മണല്‍ഖനനം മാത്രമാണെങ്കില്‍ പോലും പരിസ്ഥിതി, വനം വകുപ്പുകളുടെയും പാരിസ്തിഥിക പ്രത്യാഘാത നിര്‍ണയ അതോറിറ്റിയുടെയും അനുമതി വേണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ചെന്നൈയിലെ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇത് ശരിവെക്കുകയും നിലപാട് കര്‍ക്കശമാക്കുകയുമായിരുന്നു. നിരോധം ഒരു മാസം പിന്നിട്ടിട്ടും പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തിയില്ല. മണല്‍കിട്ടാതായതോടെ കെട്ടിട നിര്‍മാണ മേഖല ഏറെക്കുറെ സ്തംഭിച്ചിരിക്കയാണ്.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. പരിസ്തിഥി പഠനം നടത്തി റിപ്പോര്‍ട്ട് കൈമാറി അനുമതി തേടാന്‍ ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ കലക്ടര്‍മാര്‍ നിസഹായത പ്രകടിപ്പിച്ചിരിക്കയാണ്. മണല്‍തൊഴിലാളികളെ കുത്തുപാളയെടുപ്പിക്കുന്ന നീക്കങ്ങളില്‍ തൊഴിലാളി യൂനിയനുകള്‍ പ്രതിഷേധത്തിലാണ്. തൊഴിലാൡകളും അവരുടെ കുടുംബങ്ങളും മാത്രമല്ല, കെട്ടിടനിര്‍മാണ മേഖലയെ ആശ്രയിക്കുന്നവര്‍ കൂടി ഇപ്പോള്‍ പ്രതിസന്ധിയിലാണ്.
സൗദിയിലെ നിതാഖാത്ത് പ്രശ്‌നം മൂലം നാട്ടിലെത്തിയ അവിദഗ്ദ തൊഴിലാളികളും അംഗീകൃത മണലിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. പുതിയ ഉത്തരവ് ക്വോറി മേഖലക്കും ബാധകമായിരുന്നുവെങ്കിലും വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കി നിരോധം മറികടക്കുകയായിരുന്നു.
എന്നാല്‍, ഹരിത ട്രൈബ്യൂണല്‍ മണല്‍ മേഖലയുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങള്‍ ഉന്നയിച്ചതോടെയാണ് മണല്‍തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നതെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറയുന്നു. പാരിസ്തിഥിക റിപ്പോര്‍ട്ട് അനിശ്ചിതമായി നീട്ടികൊണ്ടുപോകുന്നതിന് പിന്നില്‍ എം സാന്‍ഡ് ലോബിയുടെ സമ്മര്‍ദ്ദമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം, നിരോധം നിലനില്‍ക്കുമ്പോഴും അനധികൃത മണല്‍വാരല്‍ വ്യാപകമാണ്. രാവും പകലും ഭേദമില്ലാതെ മണല്‍കടത്ത് തുടരുമ്പോഴും പൊലീസും റവന്യൂവകുപ്പും നിസാഹയരാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹകരണമില്ലാതെ അനധികൃത മണല്‍കടത്ത് നിയന്ത്രിക്കനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
മൂന്നിരട്ടി വരെ അധിക തുകയാണ് കരിഞ്ചന്തയില്‍ ബ്ലാക്ക് മണലിന് ഈടാക്കുന്നത്. ധാരാളം വീടുപണി, കെട്ടിട നിര്‍മാണം പ്രവൃത്തികള്‍ പാതിവഴിയില്‍ നില്‍ക്കുകയാണ്. മണല്‍കിട്ടി കെട്ടിട നിര്‍മാണം ആരംഭിച്ചവരുടെ രണ്ടാം ഘട്ടപ്രവൃത്തികള്‍ അനിശ്ചിതത്വത്തിലാണ്. മണലിന് വേണ്ടിയള്ള അനിശ്ചിതമായ കാത്തിരിപ്പ് മൂലം നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിക്കുന്നതും ആശങ്ക കൂട്ടുകയാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വീടുപണി തുടങ്ങിയവരും നിരോധനം നീളുന്നതോടെ വലയുകയാണ്. നിരോധത്തിന്റ മറവില്‍ പാറപ്പൊടിക്കും മറ്റും വില വര്‍ധിപ്പിക്കാന്‍ നീക്കമുള്ളതായും പറയുന്നു. ഇപ്പോള്‍ തന്നെ മണലിനോളം വിലയാണ് എം സാന്‍ഡിനും ഈടാക്കുന്നത്.