Connect with us

Palakkad

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവശ്യത്തിന് തൊഴിലാളികളില്ല

Published

|

Last Updated

ഷൊര്‍ണ്ണൂര്‍: ആവശ്യത്തിന് തൊഴിലാളികളില്ലാത്തത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതിനലാണ് തീവണ്ടികള്‍ വൈകുന്നതെന്ന് തൊഴിലാളി യൂനിയനുകള്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് യൂനിയനുകളുടെ തീരുമാനം. അമ്പതില്‍ താഴെ മാത്രം തീവണ്ടികള്‍ ഓടിയിരുന്ന 1997ല്‍ ഉണ്ടായിരുന്നത്ര ജീവനക്കാര്‍ മാത്രമാണ് ഇന്ന് 120-ലധികം ട്രെയിനുകള്‍ കടന്നുപോകുമ്പോഴും നിലവിലുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. 850 ജീവനക്കാരെയാണ് 1997ല്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളിലായി അനുവദിച്ചിരുന്നത്. എന്നാല്‍, 686 പേര്‍ മാത്രമേ നിലവിലുള്ളൂ. 97ലെ കണക്കുപ്രകാരം മാത്രം 167 പേരുടെ കുറവ്. ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ വേണ്ട എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടി ടി വിഭാഗത്തില്‍ യഥാക്രമം 41, 39, 24 വീതം തൊഴിലാളികളുടെ കുറവുണ്ട്.—
മെക്കാനിക്കല്‍, ട്രാഫിക് ഷണ്ടിംഗ് ജീവനക്കാരുടെ ഏകോപനത്തിലൂടെ മാത്രമേ തീവണ്ടി കള്‍ സുഗമമായി കടത്തിവിടാനാകൂ. പക്ഷേ ആവശ്യത്തിന് തൊഴിലാളികളില്ലാത്തതാണ് ട്രെയിനുകള്‍ വൈകുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യാത്രക്കാരുടെയും സിഗ്‌നല്‍ പോയിന്റുകളുടെയും എണ്ണം കാര്യമായി വര്‍ധിച്ചെങ്കിലും ആനുപാതികമായി തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. പഴയ കണക്കുപ്രകാരം തന്നെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ 15ഉം ഗാര്‍ഡുമാരുടെ 11-ഉം ഒഴിവുണ്ട്. കാറ്ററിംഗ് തൊഴിലാളികളുടേതിന് സമാനമായ യൂനിഫോം മാറ്റണമെന്നാണ് തൊഴിലാളികളുടെ മറ്റൊരാവശ്യം. കാറ്ററിംഗ് തൊഴിലാളികളുടെ യൂനിഫോമില്‍ മാറ്റം വരുത്തി പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇത് നടപ്പായിട്ടില്ല.
ചെറുതുരുത്തി പാലത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ബേങ്കിലെ അസൗകര്യങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഇവര്‍ പറയുന്നു. ഇതിന് ചുറ്റും കാടുപിടിച്ച നിലയിലാണ്. സുഗമമായി ജോലി ചെയ്യാന്‍ ഇതിനകത്ത് സൗകര്യമില്ല. അസൗകര്യങ്ങള്‍ക്ക് നടുവിലും പത്തും പന്ത്രണ്ടും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നത് താങ്ങാവുന്നതിലും അധികമാണെന്ന് തൊഴിലാളികള്‍ പറയുന്നു. ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങളെപ്പറ്റി പഠിക്കാന്‍ റെയില്‍വേ നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡബിള്‍ ലൈനില്‍ 72 വണ്ടികളും സിംഗിള്‍ ലൈനില്‍ 24 ലധികം വണ്ടികളും ഓടുന്ന സ്ഥലങ്ങളില്‍ ഏഴ് മണിക്കൂറിലധികം ജോലി സമയം പാടില്ലെന്നാണ്. എന്നാല്‍, എ ബി കാബിനുകളില്‍ പലപ്പോഴും പന്ത്രണ്ട് മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടിവരുന്നുണ്ട് ജീവനക്കാരുടെ എണ്ണത്തില്‍ ചെറിയ കുറവുണ്ടാകാമെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്ന സ്ഥിതിയിലല്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. പുതിയ പദ്ധതിക്കനുസരിച്ച് കാലാകലങ്ങളില്‍ പുതിയ നിയമനങ്ങള്‍ ഉണ്ടാകുന്നുന്നെണ്ടന്നും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു കീഴില്‍ വന്‍തോതില്‍ നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെിന്നും അധികൃതര്‍ പറഞ്ഞു.—