Connect with us

Palakkad

ക്വാറം തികയാത്തതിനാല്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല

Published

|

Last Updated

പാലക്കാട്: നഗരസഭാ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ എ അബ്ദുല്‍ ഖുദ്ദൂസിനെതിരെ യു ഡി എഫ് നല്‍കിയ അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനാല്‍ അവതരിപ്പിക്കാനായില്ല. രാവിലെ പത്തരക്ക് യോഗം ചേര്‍ന്നപ്പോള്‍ ആകെയുള്ള 52 കൗണ്‍സിലര്‍മാരില്‍ ഖുദ്ദൂസ് അടക്കം 24 പേര്‍ മാത്രമാണ് പങ്കെടുത്തത്.
26 പേര്‍ പങ്കെടുത്താല്‍ മാത്രമേ പ്രമേയം അവതരിപ്പിക്കാനാകുമായിരുന്നുള്ളു. സ്വതന്ത്രരായി ജയിച്ച ശേഷം യു ഡി എഫില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരായ ബശീര്‍ അഹമ്മദ്, പി യു സുലൈമാന്‍ എന്നിവരാണ് യോഗത്തിനെത്താതിരുന്നത്. ബി ജെ പിയുടെ 15 അംഗങ്ങളും സി പി എമ്മിന്റെ ഒമ്പതു പേരും മറ്റ് രണ്ട് സ്വതന്ത്രരും വിട്ടുനിന്നു. ക്വാറം തികയത്താതിനെ തുടര്‍ന്ന് വരണാധികാരിയായ കോഴിക്കോട് നഗരസഭാ റീജ്യനല്‍ ജോയിന്റ് ഡയറക്ടര്‍ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ കഴിയാതെ മാറ്റിവെക്കുകയായിരുന്നു. പ്രമേയം കൊണ്ട് വരണമെങ്കില്‍ ഇനി ആറ് മാസം കഴിയണം. നഗരസഭാ കൗണ്‍സില്‍ ഹാള്‍ അടച്ചിട്ട് പൊലീസ് സുരക്ഷയോടെയാണ് യോഗം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിരുന്നില്ല. ഖുദ്ദൂസ് രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം നടത്തി.
യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ബി ജെ പി കൗണ്‍സിലര്‍മാര്‍ ഖുദ്ദൂസിനെ അഭിനന്ദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി താന്‍ തുടരുന്നത് സഹിക്കാത്തവരാണ് അവിശ്വാസഭപ്രമേയത്തിന് പിന്നിലുള്ളതെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് പറഞ്ഞു. വോട്ടെടുപ്പു നടന്നാല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും തന്നെ പിന്‍തുണക്കും. ചെയര്‍മാനായി തുടരാന്‍ അവസരം നല്‍കിയ എല്ലാ കൗണ്‍സിലര്‍മാരെയും അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നടന്ന പാര്‍ലിമെന്ററി പാര്‍ട്ടിയോഗമാണ് തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. മുന്ന് കൊല്ലം കഴിഞ്ഞാല്‍ രാജിവെക്കണമെന്ന ധാരണയില്‍ താന്‍ ഒപ്പിട്ടിട്ടില്ല. താനറിയാതെയാണ് ധാരണ ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അതംഗീകരിക്കാനും കഴിയില്ല.——കഴിഞ്ഞ മുന്ന് കൊല്ലവും തന്നെ സുഗമമായി ഭരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം അംഗീകരിക്കുകയുമില്ല. തനിക്കെതിരെ പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് വിജിലന്‍സ് കേസ്സുകള്‍ നല്‍കിയിട്ടുള്ളത് അതെല്ലാം പിന്‍വലിച്ചാല്‍ രാജിവെക്കണമോ എന്ന് അപ്പോള്‍ ആലോചിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

Latest