Connect with us

Kozhikode

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പുതിയറ കല്ലൂത്താന്‍കടവിലെ സൗമിനി(51)യാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇവരെ ചെറൂട്ടി റോഡ് പരിസരത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെച്ച് കഞ്ചാവ് വില്‍ക്കുകയാണ് ഇവരുടെ രിതി. ഇതിനായി സ്‌കൂള്‍ പരിസരത്ത് കറങ്ങിനടക്കും. പിടിയിലാകുമ്പോള്‍ 435 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.
സൗമിനിയുടെ ഭര്‍ത്താവ് രാജനെ കഞ്ചാവ് കൈവശം വെച്ചതിന് രണ്ട് മാസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാളയത്തും മറ്റും കഞ്ചാവ് വില്‍ക്കുന്നത് അപകടമായതിനാല്‍ ഇവര്‍ സ്‌കൂള്‍ പരിസരം കേന്ദ്രീകരിക്കുകയായിരുന്നു. നഗരത്തിലെ പ്രധാന സ്‌കൂള്‍ പരിസരത്തെല്ലാം ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ സംഘത്തിലെ മുഖ്യ കണ്ണിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ നല്‍കുന്ന നിര്‍ദേശത്തെതുടര്‍ന്നാണ് സൗമിനി കഞ്ചാവ് വില്‍ക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് ശേഷം മാത്രം ഫോണ്‍ എടുക്കുക എന്നതാണത്രെ ഈ പ്രധാനിയുടെ രീതി. ഇയാള്‍കൂടി വലയിലായാല്‍ ലഹരി മാഫിയയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സിനീയര്‍ പോലീസ് ഓഫീസര്‍ സുരേഷ്, കെ മുഹമ്മദ്, റിജീഷ്, സുജിത്ത്, കിഷോര്‍, സുമല്‍ എന്നിവരടങ്ങിയ സംഘമാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സൗമിനിയെ റിമാന്‍ഡ് ചെയ്തു.

Latest