കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പിന് തയ്യാര്‍: സോണിയാഗാന്ധി

Posted on: January 17, 2014 11:08 am | Last updated: January 17, 2014 at 5:56 pm

soniya gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ തെരെഞ്ഞെടുപ്പിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ എ ഐ സി സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. വരുന്ന തെരെഞ്ഞെടുപ്പ് മതേതരത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. പ്രധാനമന്ത്രിയെ തെരെഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കേണ്ട എന്ന കോര്‍ കമ്മിറ്റി തീരുമാനം അന്തിമമാണെന്നും സോണിയാഗാന്ധി അറിയിച്ചു.

കോണ്‍ഗ്രസ് ഇതിനുമുമ്പും പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. ആ പ്രതിസന്ധികള്‍ കോണ്‍ഗ്രസിനെ തളര്‍ത്തിയിട്ടില്ല. സാമ്പത്തിക വളര്‍ച്ച മാത്രമുണ്ടായിട്ട് കാര്യമില്ല. സാമ്പത്തിക അസമത്വംകൂടി ഇല്ലാതാക്കണം. അഴിമതിക്കെതിരെയുള്ള നടപടികള്‍ തുടരുമെന്നും സോണിയാഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

അതിനിടെ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എ ഐ സി സി സമ്മേളനത്തിന്റെ സദസ്സില്‍ നിന്ന് മുദ്രാവാക്യം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് മുദ്രാവാക്യം വിളിച്ചത്.