Connect with us

Idukki

ഇടുക്കി മെഡിക്കല്‍ കോളജ് ഒന്നാം ഘട്ടം ഏപ്രിലില്‍

Published

|

Last Updated

ഇടുക്കി: മലയോര മേഖലക്ക് ആശ്വാസം പകര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജിന്റെ ആദ്യഘട്ടം ഏപ്രിലില്‍ യാഥാര്‍ഥ്യമാകുന്നു. മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 15 ഓടെ ആരംഭിച്ച് ഏപ്രില്‍ ആദ്യവാരം പൂര്‍ത്തീകരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം എല്‍ എ അറിയിച്ചു. മെഡിക്കല്‍ കോളജ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കൗണ്‍സിലിന്റെ ഏപ്രില്‍ അവസാനം നടക്കാനിരിക്കുന്ന പരിശോധനക്ക് മുമ്പായി ആദ്യഘട്ട നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പൂര്‍ണമായും കടലാസ് രഹിത ഓഫീസാണ് മെഡിക്കല്‍ കോളജില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ നിര്‍മാണത്തിന് ജില്ലാ പഞ്ചായത്തിന്റെയും ഒന്നാം നിലക്ക് എന്‍ ആര്‍എച്ച് എമ്മിന്റെയും ഫണ്ടുകള്‍ പ്രയോജനപ്പെടുത്തും. കിറ്റ്‌കോക്കാണ് നിര്‍മാണ ചുമതല. ഓപ്പറേഷന്‍ തീയേറ്ററിനുള്ള കെട്ടിടവും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തികരിക്കും.
35 കോടിയാണ് ആദ്യഘട്ടമായി അനുവദിച്ചിട്ടുളളത്. 9.86 കോടിയുടെ ഭരണാനുമതി ലഭിച്ചു. ആരോഗ്യരംഗത്തെ 14 വിഭാഗങ്ങളുടെ സ്‌പെഷ്യലൈസേഷന്‍ ഉള്‍പ്പെടുത്തി നിലവിലുള്ള ഒ പി നവീകരിക്കും. നിലവിലുള്ള ചില കെട്ടിടങ്ങള്‍ ഉപയോഗ യോഗ്യമാക്കി വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകളും ലൈബ്രറിയും ഏപ്രിലിന് മുമ്പായി പൂര്‍ത്തീകരിക്കും. 300 കിടക്കകളുളള ആശുപത്രിയാണ് വിഭാവനം ചെയ്തിരിക്കുന്നത്
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജി ജോര്‍ജ്, മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി ജി ആര്‍ പിള്ള, എ ഡി എം. പി എന്‍ സന്തോഷ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി ഉസ്മാന്‍, ഡി എം ഒ. ഡോ. പി.ജെ അലോഷ്യസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി കെ കുര്യന്‍, കിറ്റ്‌കോ സീനിയര്‍ കണ്‍സള്‍ട്ടന്റ് സുരേഷ് ജേക്കബ് പങ്കെടുത്തു.