ലക്ഷങ്ങളുടെ കഞ്ചാവും പുകയില ഉത്പന്നങ്ങളും പിടികൂടി

Posted on: January 17, 2014 12:32 am | Last updated: January 17, 2014 at 12:32 am

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചിനടിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവും പുകയില ഉത്പന്നങ്ങളും റെയില്‍വെ സംരക്ഷണ സേന പിടിച്ചെടുത്തു. 13 കിലോ കഞ്ചാവും 90 കിലോം പുകയില ഉത്പന്നങ്ങളുമാണ് പിടിച്ചെടുത്തത്. ഉടമസ്ഥനില്ലാതെ കിടന്ന മൂന്ന് ബാഗുകളിലായി 4,632 പാക്കറ്റുകളിലായിരുന്നു പുകയില ഉത്പന്നങ്ങള്‍.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ട് സഞ്ചികളിലായിരുന്നു കഞ്ചാവ്. പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷത്തിന് മുകളില്‍ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് രൂപ പ്രിന്റുചെയ്തു വച്ചിരിക്കുന്നതാണ് പുകയില പാക്കറ്റ്. പുകയില പാക്കറ്റിന് മുകളില്‍ ഒറിയയിലും ഹിന്ദിയിലും പേരുകള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബാഗുകള്‍ അനാഥമായി കിടക്കുന്നത് ആര്‍ പി എഫിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇന്നലെ രാവിലെ വരെ ബാഗുകള്‍ അവിടെ തന്നെ കിടന്നതിനാല്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവും പുകയില ഉത്പന്നങ്ങളും കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ കൊണ്ടുവന്നതാകാം ഇതെന്നാണ് നിഗമനം.