Connect with us

Kannur

രണ്ട് കോടിയുടെ എ ടിഎം തട്ടിപ്പ്; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്

Published

|

Last Updated

തലശ്ശേരി: ബേങ്കുകളുടെ എ ടി എമ്മുകളില്‍ നിറക്കേണ്ട പണം വെട്ടിച്ചു രക്ഷപ്പെട്ട പ്രതികളുടെ പേരും വിവരങ്ങളും ഫോട്ടോയും ഉള്‍പ്പെട്ട ലുക്ക്ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറത്ത് വിട്ടു. ധര്‍മടം കാത്തലിക് ചര്‍ച്ചിനടുത്ത മൂര്‍ക്കോത്ത് എം ജെ മൃണാള്‍ (36), ധര്‍മടം ജാനകി വില്ലയില്‍ എം ശരത്കുമാര്‍ (23) എന്നിവരുടെ ഫോട്ടോകളും വിശദ വിവരങ്ങളുമാണ് പോലീസ് പ്രസിദ്ധീകരണത്തിന് നല്‍കിയത്. പ്രതികളെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായവും വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ സഹകരണവും തേടിയാണ് വിവരങ്ങള്‍ നല്‍കിയത്.
ഐ ഡി ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബേങ്കുകളുടെ എ ടി എമ്മുകളില്‍ പണം നിറക്കാന്‍ കരാറിലേര്‍പ്പെട്ട റൈറ്റേഴ്‌സ് സേഫ് ഗാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഇരുവരും. തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കുടുംബമാണ് മൃണാളിന്റേത്. അച്ഛനും അമ്മയും വിരമിച്ച ഉദ്യോഗസ്ഥര്‍. സ്വന്തം വീടിന് സമീപം മൃണാള്‍ കൂറ്റന്‍ ബംഗ്ലാവ് പണിതുവരികയാണ്.
മൃണാളിന്റെ കൂട്ടുപ്രതി ശരത്ത് പാലയാട് വ്യവസായ എസ്‌റ്റേറ്റ് പരിസരത്ത് വാടക വീട്ടിലാണ് കുടുംബത്തോടൊപ്പം താമസം. ശരത്തിന്റെ അച്ഛന്‍ വസന്തകുമാര്‍ വീടുകളില്‍ പൂജകള്‍ ചെയ്താണ് കുടുംബം പോറ്റുന്നത്. എ ടി എമ്മുകളില്‍ കടലാസ് രശീതുകള്‍ സ്ഥാപിക്കുന്ന ജോലിയായിരുന്നു ആദ്യം. ഒന്നര വര്‍ഷം മുമ്പാണ് പണം നിറക്കുന്ന ഉദ്യോഗസ്ഥനായത്.തട്ടിപ്പ് പുറത്തായതോടെ കേസ് ഒത്തുതീര്‍ക്കാന്‍ ലക്ഷങ്ങളുമായി മൃണാള്‍ ഇടനിലക്കാരെ പോലീസുമായി ബന്ധപ്പെടുത്തിയിരുന്നു. അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പട്ടതോടെയാണ് ഇരുവരും മുങ്ങിയത്. ശരത്ത് കെണിയില്‍ അകപ്പെട്ടുവെന്നാണ് സൂചന. പ്രതികള്‍ കോടതിയില്‍ കീഴടങ്ങാനും നീക്കം തുടങ്ങിയതായി വിവരമുണ്ട്. തലശ്ശേരി സി ഐ വി കെ വിശ്വംഭരന്‍ നായരാണ് കേസ് അന്വേഷിക്കുന്നത്.